ബാങ്കോക്ക്: തായ്ലന്ഡില് അക്രമികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിനിടയില്‍ പെട്ട രണ്ടു ടൂറിസ്റ്റുകള്‍ മരിച്ചു. ഒരാള്‍ ഇന്ത്യക്കാരനാണ്. രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. തലസ്ഥാനമായ ബാങ്കോക്കില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ഗാഖ്രെജ് ധീരജ് (42) എന്ന ഇന്ത്യക്കാരനാണു കൊല്ലപ്പെട്ടത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസിനു സമീപത്തു വച്ചായിരുന്നു ഇരു വിഭാഗം ഏറ്റുമുട്ടിയത്. എകെ47 ഉള്‍പ്പെടെ ഉപയോഗിച്ചായിരുന്നു വെടിവയ്പ്. എന്നാല്‍ പ്രതികളിലാരെയും പിടികൂടാനായിട്ടില്ലെന്നു തായ് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍ ലാവോസില്‍നിന്നുള്ള ഇരുപത്തിയെട്ടുകാരനാണ്. പരുക്കേറ്റവരില്‍ രണ്ടു പേര് തായ്ലന്ഡില്നിന്നുള്ളവരാണ്. ലാവോസില്‍നിന്നുള്ള ഒരാളും പരുക്കേറ്റു ചികിത്സയിലാണ്.
ബാങ്കോക്കിലെ ഒരു മാളിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍നിന്നു ഭക്ഷണം കഴിച്ചു ടൂറിസ്റ്റുകള്‍ പുറത്തിറങ്ങിയ സമയത്തായിരുന്നു വെടിവയ്പ്പ് ബസ് കാത്ത് പാര്‍ക്കിംഗ് സ്ഥലത്തു നില്ക്കുമ്പോള് സമീപത്തെ സ്നൂക്കര്‍ ക്ലബില്‍നിന്ന് ഒരു കൂട്ടം ചെറുപ്പക്കാര്‍ പുറത്തിറങ്ങുകയായിരുന്നു. ഏതാനും സമയത്തിനകം ഇവര്‍ രണ്ടു വിഭാഗം തിരിഞ്ഞു സംഘട്ടനം തുടങ്ങി. തോക്കും കത്തികളും വടികളും ഉപയോഗിച്ച് ഏകദേശം 20 പേര് തമ്മിലായിരുന്നു സംഘട്ടനം. മൂന്നു പേരാണു വെടിയുതിര്‍ത്തത്. പൊലീസ് എത്തും മുന്‍പേ എല്ലാവരും ഓടി രക്ഷപ്പെട്ടു.