ഇരിട്ടി: നിരോധിച്ച മാരക വിഷം വില്പനക്കായി കര്‍ണാടകയില്‍ നിന്നും തളിപ്പറമ്പിലേക്ക് സ്കോര്‍പിയോ കാറില്‍ കടത്തികൊണ്ട് പോകുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂര്‍ സ്വദേശിപി. മനോഹരന് (45), തളിപ്പറമ്പ് സ്വദേശി സ്കോര്‍പിയോ ഡ്രൈവര്‍ അനൂപ് (30)എന്നിവരെയാണ് ഇരിട്ടി എസ്ഐ പി. സുനില്‍കുമാര്‍ അറസ്റ്റ്ചെയ്തത്. ഒരു കിലോഗ്രാമിന്റെ നൂറ് പായ്ക്കറ്റുകളാണ് ഇവിരില്‍ നിന്ന് പിടികൂടിയത്.
കടത്തികൊണ്ട് വന്ന സ്കോര്‍പിയോ കാറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കര്‍ണാടകയില്‍ നിന്നുമാണ് വിഷം കടത്തികൊണ്ടു വന്നത്. മാരക ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ ഫ്യൂറിഡാന് എന്ന മാരക വിഷം കൃഷിക്ക് ഉപയോഗിക്കുന്നത് കേരള സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
എന്നാല്‍ കര്‍ണാടകത്തില്‍ നിരോധിച്ചിട്ടില്ല. ഇവിടെ നിന്നും കേരള – കര്‍ണാടക അതിര്‍ത്തി വഴി കടത്തികൊണ്ട് വന്ന് തളിപ്പറമ്പ് മേഖലയില്‍ വലിയ വിലക്ക് മറിച്ച് വില്‍ക്കുന്ന സംഘത്തില്‍ പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
കൃഷിക്ക് ഉപയോഗിച്ചാല്‍ വര്‍ഷങ്ങളോളം മണ്ണിലും വെള്ളത്തിലും ഈ വിഷം അവശേഷിക്കുകയും കാന്‍സര്‍ ഉള്‍പെടെയുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഈവിഷത്തെ നിരോധിച്ചത്. ഇതിന്റെ മണം തന്നെ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നതാണ്. നേന്ത്രവാഴകര്‍ഷകര്‍ ഉള്‍പെടെയുള്ളവരാണ് കേരളത്തില്‍ ഫ്യൂറിഡാന് കൃഷിക്ക് ഉപയോഗിച്ചിരുന്നത്.