ജെയിസ് വാട്ടപ്പിള്ളില്‍
ഇടുക്കി ഡാമില്‍നിന്നു രണ്ടു ഘട്ടങ്ങളിലായി തുറന്നുവിട്ടത് 653 കോടിയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം. ആദ്യഘട്ടത്തില്‍ 650 കോടിയുടെയും രണ്ടാം ഘട്ടത്തില്‍ മൂന്നു കോടിയുടെയും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണു തുറന്നുവിട്ടത്.
തുറന്നുവിട്ട ജലത്തിന്റെ മൊത്തം അളവു കണക്കാക്കിയാല്‍ 155 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമായിരുന്നു. ജില്ലയില്‍ മഴ ശക്തമായതോടെ ഓഗസ്റ്റ് ഒന്പതിന് ഉച്ചയ്ക്ക് 12.30നാണ് ചെറുതോണി അണക്കെട്ടിന്റെ മധ്യത്തിലുള്ള ഷട്ടര്‍ തുറന്നു വെള്ളം പുറത്തേക്ക് ഒഴുക്കിയത്. പിന്നീട് രണ്ടു ഘട്ടങ്ങളിലായി മുഴുവന്‍ ഷട്ടറുകളും തുറക്കേണ്ടതായി വന്നു. 30-ാം ദിവസം സെപ്റ്റംബര്‍ ഏഴിനാണ് അവസാനത്തെ ഷട്ടര്‍ അടച്ചത്.
ന്യൂനമര്‍ദ ഭീഷണിയുടെ പശ്ചാത്തലത്തില്‍ രണ്ടാംഘട്ടത്തില്‍ ശനിയാഴ്ച രാവിലെ 11നാണ് മധ്യത്തിലുള്ള ഷട്ടര്‍ വീണ്ടും തുറന്നത്. വൃഷ്ടിപ്രദേശത്തു മഴ ഇല്ലാത്തതിനാല്‍ ഇരുപത്തെട്ടേകാല്‍ മണി ക്കൂറിനുശേഷം ഞായറാഴ്ച വൈകുന്നേരം 3.15ന് ഷട്ടര്‍ അടച്ചു. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. ഡാമിന്റെ സംഭരണ ശേഷിയുടെ 75 ശതമാനം വരുന്ന വെള്ളമാണ് രണ്ടു ഘട്ടങ്ങളിലായി തുറന്നു വിട്ടതെന്നാണ് ഡാം സേഫ്റ്റി വിഭാഗത്തിന്റെ കണക്ക്.
ഷട്ടര്‍ അടയ്ക്കുന്ന സമയത്ത് 2387.02 അടിയായിരുന്നു ജലനിരപ്പ്. ഇതു സംഭരണ ശേഷിയുടെ 82 ശതമാനം വരും. ഷട്ടര്‍ തുറക്കുന്ന സമയത്ത് 2387.46 ആയിരുന്നു ജലനിരപ്പ്. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച കഴിഞ്ഞ 24 മണിക്കൂറില്‍ 1. 43 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ഇതിനിടെ, ശനിയാഴ്ച ഡാം തുറക്കേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്ന വാദവും ഉയരുന്നുണ്ട്.
അണക്കെട്ടില്‍ 15.5 അടി വെള്ളം ഉയര്‍ന്നാല്‍ മാത്രമേ നിറയൂ എന്ന സ്ഥിതി നിലനില്‍ക്കവേയാണ് തുറന്നുവിട്ടത്. വൈദ്യുതി ബോര്‍ഡും സര്‍ക്കാരും തമ്മില്‍ അണക്കെട്ട് തുറക്കുന്നതു സംബന്ധിച്ച് വ്യക്തമായ ധാരണയിലെത്താന്‍ സാധിക്കാതെ വന്നതും ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു.
ഇടുക്കി ജില്ലയില്‍ പൊന്‍മുടി, മാട്ടുപ്പെട്ടി അണക്കെട്ടുകളുടെ ഷട്ടറുകളും തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകളില്‍ നിലവില്‍ 80 ശതമാനം വെള്ളമാണുള്ളത്. ഇത്രയും വെള്ളം ഉപയോഗപ്പെടുത്തി 331 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
ഇതിനിടെ, ഡാമിലെ അധികജലം വെറുതെ ഒഴുക്കിക്കളയേണ്ട സാഹചര്യം ഒഴിവാക്കാന്‍ രണ്ടാമതൊരു പവര്‍ഹൗസ് നിര്‍മിക്കാനുള്ള സാധ്യതയെക്കുറിച്ചും വൈദ്യുതി ബോര്‍ഡ് ഉന്നത തലത്തില്‍ ആലോചന ആരംഭിച്ചിട്ടുണ്ട്. തൊടുപുഴ താലൂക്കിലെ വെള്ളിയാമറ്റം ഭാഗത്ത് പവര്‍ഹൗസ് നിര്‍മിക്കാന്‍ നേരത്തെ കെഎസ്ഇബി പ്രോജക്ട് തയാറാക്കിയിരുന്നുവെങ്കിലും 3,000 കോടി ചെലവു വരുന്ന പദ്ധതിയായതിനാല്‍ മുന്നോട്ടുപോയില്ല. ഇതു പൊടിതട്ടിയെടുക്കാനാണ് ശ്രമം.