കോട്ടയം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും രൂക്ഷ വിമർശനങ്ങളുമായി ബിജെപി. ശബരിമലയിലെ വിശ്വാസങ്ങൾ തകർക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. സ്റ്റാലിനെ ആരാധിക്കുന്ന മുഖ്യമന്ത്രിയുടെ ഈ നീക്കത്തിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ സമരത്തിനില്ലെന്ന കോൺഗ്രസ് നിലപാട് അപലപനീയമാണെന്നും ഇത്തരം നിലപാടുകളിലൂടെയൊക്കെ സിപിഎം-കോൺഗ്രസ് രഹസ്യ ധാരണകളാണ് പുറത്ത് വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിലെ വിശ്വാസത്തെ സംരക്ഷിക്കാൻ ആര് മുന്നോട്ടു വന്നാലും അവർക്കൊപ്പം നിൽക്കുമെന്നും കൃത്യമായ തെളിവകളുടെ അടിസ്ഥാനത്തിലല്ല സുപ്രീം കോടതി വിധിപ്രസ്താവം നടത്തിയതെന്നും ശ്രീധരൻപിള്ള പറഞ്ഞു. കോടതി വിധിയെ മാനിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പക്ഷേ, വിധി വിശ്വാസത്തെ ബാധിക്കുന്നതോ അതിരു കടന്നതോ ആയാൽ അത് അംഗീകരിക്കില്ലെന്നും വ്യക്തമാക്കി.
കേന്ദ്ര സർക്കാരാണ് ഈ വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരേണ്ടത് എന്ന് പറയുന്നത് മണ്ടത്തരമാണെന്നും കേരള നിയമത്തിന്റെ മൂന്നാം ചട്ടം റദ്ദാക്കിയതിനാൽ സംസ്ഥാനമാണ് ഇതിൽ നിയമനിർമാണം നടത്തേണ്ടതെന്നും ബിജെപി അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
ശബരിമല ക്ഷേത്രത്തിന് വ്യത്യസ്തത ഇല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത് എങ്ങനെ അംഗീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.