തിരുവല്ല: തിരുവല്ല ഇരുവെള്ളിപ്ര എച്ച്എസ്എസിലെ പ്ലസ് ടു സയൻസ് വിഭാഗം വിദ്യാർഥിയും കുറ്റൂർ തെങ്ങേലി ഇടയിലെ വീട്ടിൽ രവീന്ദ്രൻപിള്ളയുടെയും ജയയുടെയും മകൻ വിഷ്ണു ആർ. നാഥ് (17) ആണ് മരിച്ചത്. സഹപാഠിയായ കുന്നന്താനം മുണ്ടിയേപ്പള്ളിയിൽ പനയ്ക്കാമുറിയിൽ സിനോമോൻ സുധീഷ് (16), ഇതേ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി കുറ്റൂർ ആലുനിൽക്കുന്നതിൽ എസ്.എസ്. അനിൽ (15) എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ ഏഴോടെ എംസി റോഡിൽ തുകലശേരി ജംഗ്ഷനിലായിരുന്നു അപകടം. മൂന്നുപേരും ഒരു ബൈക്കിൽ ട്യൂഷൻ സെന്ററിലേക്കു പോകവേ എതിരേവന്ന മാരുതി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ വിഷ്ണു മരിച്ചു. മൃതദേഹം പുഷ്പഗിരി ആശുപത്രി മോർച്ചറിയിൽ. തിരുവല്ല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.