കോട്ടയം: കെവിൻ കേസിൽ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ട് വിധി പറയുന്നതിനായി മാറ്റിവച്ചു. അഞ്ചാം പ്രതി ചാക്കോ ജോണിന്റെ ജാമ്യാപേക്ഷയിൽ വാദം കേട്ട കോട്ടയം സെഷൻസ് നാലാം കോടതി ജഡ്ജി കെ.ജി.സനൽകുമാർ കേസ് 12ലേക്ക് മാറ്റിവച്ചു.
ജാമ്യാപേക്ഷയെ സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ.സി.എസ്.അജയൻ എതിർത്തു. പ്രതിക്ക് ജാമ്യം നല്കിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും കേസിലെ മുഖ്യ സൂത്രധാരൻ ചാക്കോ ജോണ് ആണെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വാദിച്ചു.
പത്താം പ്രതി വിഷ്ണു, 12-ാം പ്രതി ഷാനു എന്നിവരുടെ ജാമ്യാപേക്ഷയിലും കോടതി വാദം കേട്ടു.
ഇവരുടെ ഹർജിയിൽ വിധി പറയുന്നതിന് കേസ് 22ലേക്ക് മാറ്റി. നാലും അഞ്ചും പ്രതികളായ റിയാസ്, ടിറ്റു ജെറോം എന്നിവരുടെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം വാദം പൂർത്തിയായിരുന്നു. ഇക്കാര്യത്തിൽ ഇന്നുച്ചകഴിഞ്ഞ് വിധി പറയും.
കെവിൻ കേസിന്റെ വിചാരണ ഉടൻ വിചാരണ ആരംഭിക്കണമെന്നു ചൂണ്ടിക്കാട്ടി സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയിൽ നല്കിയ ഹർജിയിലും വിധി പറയുന്നത് 22 ലേക്ക് മാറ്റി. പ്രോസിക്യൂഷൻ സഹായികളായി അഭിഭാഷകരായ ലിജോ കുര്യൻ ജോസഫ്, നെബുജോണ് എന്നിവരും കോടതിയിൽ ഹാജരായി.