കൊച്ചി: മൂലന്പിള്ളി പിഴല പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്നു വ്യക്തമാക്കാൻ ഹൈക്കോടതി നിർദേശം നൽകി. ഇരുകരകളും മുട്ടിക്കാതെയും ഭൂമി ഏറ്റെടുക്കാതെയും പാലം എങ്ങനെ പൂർത്തിയാവുമെന്നും കോടതി ചോദിച്ചു. കെസിവൈഎം പിഴല യൂണിറ്റ് പ്രസിഡന്റ് പി.ജെ. അശ്വിൻ നൽകിയ പൊതുതാത്പര്യഹർജിയിലാണു ഹൈക്കോടതിയുടെ നിർദേശം.
ഹർജി പരിഗണിക്കവേ പിഴല പാലത്തിന്റെ നിർമാണം 90 ശതമാനവും പൂർത്തിയായെങ്കിലും പിഴല കരയിലേക്കു പാലം മുട്ടിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്കു തുക വകയിരുത്തുന്നതിനു ഭരണാനുമതിയും മറ്റു സർക്കാർ അനുമതികളും ആവശ്യമാണെന്നു കരാറുകാരൻ കോടതിയെ അറിയിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെ കാര്യങ്ങൾ ഇനിയും പൂർത്തിയാകാൻ ഉണ്ടെന്നും കരാറുകാരൻ വ്യക്തമാക്കി.
ഈ അവസരത്തിൽ ഇരുകരകളും മുട്ടിക്കാതെയും ഭൂമി ഏറ്റെടുക്കാതെയുമാണോ പ്രവർത്തനമെന്നു കോടതി ചോദിച്ചു. ഇത്തരത്തിൽ എങ്ങനെ ജിഡയും സർക്കാരും പാലം പദ്ധതിക്കു രൂപകല്പന നൽകി എന്നുള്ളത് ആശ്ചര്യമായിരിക്കുന്നുവെന്നു കോടതി പറഞ്ഞു. പാലത്തിന്റെ പണി പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ടു സർക്കാരിന്റെ മറുപടി നൽകുന്നതിനു തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സമയം അപേക്ഷിച്ചു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ ജിഡയുമായി കൂടിയാലോചന നടത്തി കോടതിയിൽ മറുപടി നൽകണമെന്നു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. രണ്ടുവർഷമായിട്ടും കൂടാതെ ഇരിക്കുന്ന ജിഡയുടെ യോഗം സംബന്ധിച്ചും തീരുമാനം അറിയിക്കണമെന്നും ഉത്തരവിലുണ്ട്. കേസ് രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.