നാദാപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വാണിമേൽ നെടുംപറമ്പ് സ്വദേശി മരുതേരി കണ്ടിയിൽ അഫ്സൽ(28)നെയാണ് നാദാപുരം ഡിവൈഎസ്പി ഇ.സുനിൽകുമാറിന്റെ പ്രത്യേക സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
നേരത്തെ നാദാപുരം എസ്ഐ എൻ.പ്രജീഷ് അറസ്റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന പെൺകുട്ടിയുടെ മാതാവിന്റെ സഹായിയാണ് അറസ്റ്റിലായ അഫ്സൽ.പ്രതി പീഡിപ്പിച്ചതായി പെൺകുട്ടി നേരത്തെ പോലീസിന് മൊഴി നൽകിയിരുന്നു.പ്രതിയുടെ വീടിന് സമീപത്താണ് പെൺകുട്ടിയും മാതാവും കഴിഞ്ഞിരുന്നത്.
ഈ സമയത്ത് പ്രതി വീട്ടിലെ നിത്യ സന്ദർശകൻ ആയിരുന്നെന്നും വീട്ടിൽ വച്ചാണ് കുട്ടിയെ പീഡിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. മാതാവിനും, കുട്ടിക്കു മൊപ്പം അഫ്സൽ കാറിൽ കറങ്ങാറുണ്ടെന്നും മാതാവിന്റെ സഹായിയായി സ്ഥിരം സാനിധ്യം പുലർത്തിയതായും പോലീസ് പറയുന്നു.
കുട്ടിയുടെ പരാതിയെ തുടർന്ന് പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് പ്രതിയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് ഉറപ്പ് വരുത്തിയിരുന്നു. അന്വേഷണം ആരംഭിച്ചതറിഞ്ഞ് നാട്ടിൽ നിന്ന് മുങ്ങിയ പ്രതി തിങ്കളാഴ്ച് നാട്ടിലെത്തിയ വിവരമറിഞ്ഞ് സ്ക്വാഡിലെ അംഗങ്ങൾ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
വളയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മറ്റ് രണ്ട് പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.ഇവർ രണ്ട് പേരും ഒളിവിലാണ്. ഇവരെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. വളയം പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.