മുക്കം: കൊടിയത്തൂർ പഞ്ചായത്തിലെ മലയോര മേഖലയായ കൊടിയത്തൂരിൽ വീണ്ടും വൻകിട ക്വാറികൾ തുടങ്ങാൻ നീക്കം.ഒന്നര മാസം മുൻപ് ആറ്തവണ ഉരുൾപൊട്ടിയ പ്രദേശമാണിത്. നാല്, അഞ്ച്, ആറ് വാർഡുകൾ ഉൾക്കൊള്ളുന്ന പ്രദേശത്ത് നിലവിലുള്ള ഒമ്പത് ക്വാറികൾക്ക് പുറമേയാണ് ആറ് ക്വാറികൾ കൂടി തുടങ്ങാൻ അണിയറയിൽ നീക്കം നടക്കുന്നത്.
പല യൂണിറ്റുകളും വിവിധ വകുപ്പുകളുടെയും മറ്റും അനുമതിക്കായി പഞ്ചായത്തിൽ അപേക്ഷ നൽകി കഴിഞ്ഞു.തുടങ്ങാൻ പോകുന്നവയിൽ മൂന്നെണ്ണം വൻകിട യൂണിറ്റുകളാണ്. വലിയ ക്വാറിയൂണിറ്റിന് അനുമതി തേടിയ തോട്ടുമുക്കം മാടമ്പി പ്രദേശം ഉൾപ്പെടെ ഏറെ അപകടകരമായ മേഖലയാണന്ന് വില്ലേജ് ഓഫീസർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയ പ്രദേശമാണിത്. ഇവിടെയാണ് ഇനിയും ക്വാറികൾ തുടങ്ങുന്നത്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളാണ് ഇവയെല്ലാം.
ഉന്നതരാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ക്വാറിയുടമകൾ അനുമതികൾ വാങ്ങി എടുക്കുന്നത്. പഞ്ചായത്തിന്റെ അനുമതി എന്ന കടമ്പ കൂടി കഴിഞ്ഞാൽ ഇവയെല്ലാം പ്രവർത്തനസജ്ജമാകും. അതേസമയം പരിസ്ഥിതി ദുർബല മേഖലയും ജനവാസകേന്ദ്രങ്ങളുമായ ഈ പ്രദേശങ്ങളിൽ ഇനി ഒരു ക്രഷറും തുടങ്ങാൻ അനുവദിക്കുകയില്ല എന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്.
ഭരണകക്ഷി അംഗങ്ങൾ തന്നെ ക്രഷർ തുടങ്ങുന്നതിനെതിരെ വലിയ പ്രതിരോധത്തിലാണ്. ഡിവൈഎഫ്ഐ തോട്ടുമുക്കം യൂണിറ്റ് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തി പഞ്ചായത്ത് അധികൃതരേയും കളക്ടറേയും സമീപിച്ചിട്ടുണ്ട്. സിപിഎം പ്രദേശിക ഘടകങ്ങൾ ഈ വിഷയത്തിൽ അടുത്ത സമ്മർദ്ദത്തിലാണ്.
ഉന്നതങ്ങളിൽ നിന്ന് ക്വാറിയെ എതിർക്കരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും അണികൾ അംഗീകരിക്കില്ല. അത് കൊണ്ട് തന്നെ പാർട്ടി ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടാണ് ഇനി നിർണ്ണായകം.ഭരണ സമിതിയിലും ഭൂരിപക്ഷം അംഗങ്ങളും അനുമതി നൽകുന്നതിനെ എതിർത്തുമെന്നാണ് സൂചന.
അങ്ങനെയെങ്കിൽ കോടതിയെ സമീപിച്ച് അനുമതി വാങ്ങാമെന്നാണ് ക്വാറി ഉടമകൾ പറയുന്നത്. ഫലത്തിൽ എതിർപ്പുകൾ എത്ര ഉണ്ടായാലും തോട്ടുമുക്കം, ഗോതമ്പു റോഡ് മേഖലയിൽ യഥേഷ്ടം ക്രഷർ യൂണിറ്റുകൾ തുടങ്ങാൻ കഴിയുമെന്നു തന്നെയാണ് ക്രഷറുടമകളുടെ പ്രതീക്ഷ