തിരുവനന്തപുരം: ബ്രൂവറികളും കോന്പൗണ്ടിംഗ്, ബ്ളെൻഡിംഗ് ആൻഡ് ബോട്ടിലിംഗ് യൂണിറ്റുകൾക്കും അനുമതി നൽകാനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സർക്കാർ സമിതിയെ നിയോഗിച്ചു.നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആശോ തോമസ് അധ്യക്ഷയായ സമിതിയിൽ എക്സൈസ് കമ്മീഷണർ, ജോയിന്റ് കമ്മീഷണർ (ഇസിആർബി), നികുതിവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എന്നിവർ സമിതിയിൽ അംഗങ്ങളാണ്.
നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായ ബ്രൂവറികൾക്കും ബ്ളെൻഡിംഗ് യൂണിറ്റുകൾക്കും ലൈസൻസ് നൽകാനുള്ള മാനദണ്ഡങ്ങളെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാനാണു സമിതിയോടു നിർദ്ദേശിച്ചിട്ടുള്ളത്. ഇതിനായി ലഭിച്ചിട്ടുള്ള അപേക്ഷകളും സമിതി പരിശോധിക്കും. ഒക്ടോബർ 31-നകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.
നടപടിക്രമങ്ങൾ പാലിക്കാതെ ബ്രൂവറികൾ ആരംഭിക്കാൻ തത്വത്തിൽ അനുമതി നൽകിയ സർക്കാർ നിലപാടു വിവാദമായ സാഹചര്യത്തിൽ അനുമതി റദ്ദു ചെയ്തതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ബ്രൂവറികൾ അനുവദിക്കാൻ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.