ഒരിക്കലും അധികാരത്തില്‍ എത്തില്ലെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു! പതിനഞ്ച് ലക്ഷം അക്കൗണ്ടില്‍ നിക്ഷേപിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ബിജെപി അധികാരത്തിലേറിയ കാലം മുതല്‍ ഇപ്പോഴും നല്ലൊരു ശതമാനം ആളുകളും കാത്തിരിക്കുന്ന ഒരു കാര്യമുണ്ട്, ബിജെപി വാഗ്ദാനം ചെയ്ത പതിനഞ്ച് ലക്ഷം രൂപ തങ്ങളുടെ അക്കൗണ്ടില്‍ എത്തുമെന്ന്. എന്നാല്‍ ആ വാഗ്ദാനം പൊള്ളയായിരുന്നു എന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണിപ്പോള്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി.

ഓരോ വ്യക്തിക്കും 15 ലക്ഷം രൂപ നല്‍കുമെന്നതുള്‍പ്പടെ തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി നല്‍കിയ വലിയ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ടതിനുള്ള കാരണമാണ് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ ഒരിക്കലും അധികാരത്തില്‍ എത്തില്ലെന്ന് കരുതിയാണ് അത്തരം വാഗ്ദാനങ്ങള്‍ നല്‍കിയതെന്നായിരുന്നു ഗഡ്കരിയുടെ വെളിപ്പെടുത്തല്‍.

‘ഒരിക്കലും അധികാരത്തില്‍ എത്തില്ലെന്ന് ഞങ്ങള്‍ക്ക് നല്ല ഉറപ്പായിരുന്നു. അതുകൊണ്ട് എത്ര വലിയ വാഗ്ദാനങ്ങള്‍ വേണമെങ്കിലും നല്‍കിക്കോളാന്‍ ഞങ്ങള്‍ക്ക് ഉപദേശം ലഭിച്ചു. പക്ഷെ ഇപ്പോള്‍ ഞങ്ങളാണ് അധികാരത്തില്‍. ജനങ്ങള്‍ ഞങ്ങളുടെ വാഗ്ദാനങ്ങളെ കുറിച്ച് ഞങ്ങളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുക മാത്രമാണ് വഴി’. ഗഡ്കരി വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു മറാത്തി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗഡ്കരി ഇക്കാര്യം വെളിപ്പെടുത്തിയത്. അപ്രായോഗികമായ വാഗ്ദാനങ്ങളുടെ കരുത്തിലാണ് ബി.ജെ.പി അധികാരത്തില്‍ എത്തിയതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പി സര്‍ക്കാര്‍ കപടവാഗ്ദാനങ്ങള്‍ക്ക് മുകളില്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്നായിരുന്നു ഗഡ്കരിയുടെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ചെയ്ത് കോണ്‍ഗ്രസ് പ്രതികരിച്ചത്.

Related posts