മാത്യു കല്ലടിക്കോട്
കല്ലടിക്കോട്: ജില്ലയിലെ പ്രധാന കുടിയേറ്റ മേഖലയിലെ വട്ടപ്പാറ, ആറ്റില, ജലവൈദ്യുതി പദ്ധതികൾ മീൻവല്ലം പദ്ധതിപോലെ ജില്ലാ പഞ്ചായത്തിന് നടപ്പാക്കാനാവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാശിസികൾ. പാലക്കയം വട്ടപ്പാറയിലും മീൻവല്ലത്തിനുസമീപം കരിമലയിലുമുള്ള വെള്ളചാട്ടങ്ങളാണ് മീൻവല്ലംപോലെ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് കരുതുന്നത്.
ഇതികം നിരവധി പരിശോധനകളും പഠനങ്ങളും നടത്തി വൈദ്യുതി ഉത്പാദനത്തിന് അനുയോജ്യമാണെന്നുìകണ്ടെത്തുകയും ചെയ്തിട്ടുണ്ട്.പാലക്കയം വട്ടപ്പാറയിലെ മിനിജല വൈദ്യുതപദ്ധതി അനിശ്ചിതമായി നീളുന്നു. മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തെ വെള്ളച്ചാട്ടങ്ങൾ ഉപയോഗിച്ച് വിവിധ ഭാഗങ്ങളിൽ നിന്നായി 12 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായിരുന്നു പദ്ധതി.
1998ൽ സംസ്ഥാന വൈദ്യുതി വകുപ്പ് നേരിട്ടു നടത്തിയ സർവേയുടെ അടിസ്ഥാനത്തിലായിരുന്നുകണ്ടെത്തൽ.45 കോടി രൂപ ചെലവിൽ വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് സർക്കാരിന് നല്കിയ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. വൈദ്യുതി എത്തിക്കാൻ പ്രയാസമുള്ള ഈ മേഖലയിൽ കുറഞ്ഞ ചെലവിൽ വൈദ്യുതി എത്തിക്കാനായിരുന്നുപദ്ധതിയിട്ടിരുന്നത്.
ശിരുവാണി പുഴയുടെ പോഷകനദിയായ കല്ലാർ പുഴയിലേയും ചെറുപുഴയിലെയും വെള്ളമുപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്.പാന്പാർ പുഴയിലെ വെള്ളം വട്ടപ്പാറയിലെത്തിച്ച് അഞ്ച് മെഗാവാട്ടും കല്ലാർ പുഴയിലെ വെള്ളം ചെറുപുഴയിൽ നിർമിക്കുന്ന തടയണയിലെത്തിച്ച് ഏഴ് മെഗാവാട്ടും ഉത്പാദിപ്പിക്കാമെന്നായിരുന്നു വൈദ്യുതി ബോർഡിന്റെ കണ്ടെത്തൽ.
രണ്ടുവർഷത്തിനുള്ളിൽ പദ്ധതി യാഥാർഥ്യമാകുമെന്ന് പറഞ്ഞ ബോർഡ് 25 വർഷമായിട്ടും പ്രാരംഭനടപടികളിൽ മാത്രം ഒതുങ്ങി നില്ക്കുകയാണ്.കരിമലയിൽ ഉത്ഭവിക്കുന്ന ഇരുന്പാമുട്ടി വഴി ഒഴുകുന്ന പുഴയ്ക്ക് ആറ്റിലയിൽ തടയണകെട്ടി രണ്ടു മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ദർഘാസ് ക്ഷണിക്കുകയും സിൽക്കിനെ നിർമാണ ചുമതല ഏല്പിക്കുകയും ചെയ്തിരുന്നു. എന്നാൽ പത്തുവർഷമായിട്ടും തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
വൈദ്യുതി എത്താത്ത ഈ മലയോരമേഖലയിൽ മുൻ സർക്കരിന്റെ കാലത്ത് സന്പൂർണ വൈദ്യുതി പദ്ധതിയിലുൾപ്പെടുത്തി കുറച്ചു വീടുകളിൽ വൈദ്യുതി എത്തിക്കുകയായിരുന്നു. വൈദ്യുതിക്ഷാമം നേരിടുന്ന കേരളത്തിൽ ഇത്തരത്തിലുള്ള ചെലവുകുറഞ്ഞ ജലവൈദ്യുതി പദ്ധതികൾ നടപ്പിലാക്കിയാൽ പ്രാദേശികമായി കുറഞ്ഞ ചെലവിൽ വീടുകളിൽ വൈദ്യുതി എത്തിക്കാനാകും.വട്ടപ്പാറ, ആറ്റില ജലവൈദ്യുതി പദ്ധതികളുടെ പണി ഉടനേ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.