ഐഎസ്എലിൽ (ഇന്ത്യൻ പ്രീമിയർ ലീഗ്) പ്രായവിവാദം. ഞായറാഴ്ച നടന്ന ബംഗളൂരു എഫ്സി – ജംഷഡ്പുർ പോരാട്ടത്തിൽ സൂപ്പർ സബ് ആയി ഇറങ്ങി ഗോൾ നേടിയ ഗൗരവ് മുഖിയുടെ വയസ് പതിനാറാണെന്നും ഐഎസ്എലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണെന്നും വാഴ്ത്തലുകൾ ഉണ്ടായി. എന്നാൽ, ജാർഖണ്ഡ് സ്വദേശിയായ ഗൗരവിന് മധുരപ്പതിനാറല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഐഎസ്എലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാർഡ് ഇതോടെ ഗൗരവിനു നഷ്ടമാകും.
പ്രായത്തെക്കുറിച്ച് വ്യക്തമായ അറിവില്ലെന്നാണ് ഐഎസ്എൽ അധികൃതരുടെ പ്രതികരണം. ഗൗരവിന്റെ പ്രായത്തെക്കുറിച്ച് എഐഎഫ്എഫ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു എഫ്സി നിഷു കുമാറിന്റെ 45-ാം മിനിറ്റിലെ ഗോളിൽ മുന്നിട്ടു നിൽക്കുന്പോഴാണ് 81-ാം മിനിറ്റിൽ ഗൗരവ് ജംഷഡ്പുരിനായി വലകുലുക്കിയത്. 71-ാം മിനിറ്റിൽ ജെറി മെവിഹ്മിംഗ്താംഗയ്ക്കു പകരമാണ് ഗൗരവിനെ പരിശീലകൻ കളത്തിലിറക്കിയത്. ഗൗരവിന്റെ ഗോളിനുശേഷവും ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് 2-2 സമനിലയിൽ പിരിയുകയായിരുന്നു.
ഐഎസ്എൽ രേഖകളിൽ ഗൗരവിന്റെ പ്രായം 16 ആണ്. ബംഗളൂരുവിനെതിരേ ലക്ഷ്യംകണ്ടതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്നായിരുന്നു ഏവരും വിശേഷിപ്പിച്ചത്.
2015ൽ നടന്ന ദേശീയ അണ്ടർ 15 ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ ജാർഖണ്ഡിന്റെ താരമായിരുന്നു ഗൗരവ്. അന്ന് ജാർഖണ്ഡിന്റെ കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് ഗൗരവ് ആയിരുന്നു. ഫൈനലിൽ ഗോവയെ 8-3 കീഴടക്കിയായിരുന്നു ജാർഖണ്ഡ് കിരീടം നേടിയത്. ടീമിന്റെ ക്യാപ്റ്റനായിരുന്ന ഗൗരവ് അഞ്ച് ഗോളുകൾ നേടുകയും ചെയ്തിരുന്നു.
ആ പ്രകടനം കണക്കിലെടുത്ത്് ഗൗരവ് ഉൾപ്പെടെ അഞ്ച് ജാർഖണ്ഡ് കളിക്കാർ 2017 അണ്ടർ 17 ലോകകപ്പിനായുള്ള സെലക്ഷനിൽ പങ്കെടുക്കാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, ഗോവയിലെ ദേശീയ അക്കാഡമിയിൽ സെലക്ഷൻ ട്രയൽസ് നടക്കുന്നതിനു മുന്പ് അഞ്ച് പേരും തങ്ങൾക്ക് പ്രായക്കൂടുതലുണ്ടെന്ന് അധികൃതരെ അറിയിച്ചു. ജാർഖണ്ഡ് പ്രായത്തട്ടിപ്പ് നടത്തിയെന്ന് തെളിഞ്ഞതോടെ എഐഎഫ്എഫ് കിരീടം തിരിച്ചുവാങ്ങുകയും സംസ്ഥാന അസോസിയേഷന് ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.
പ്രായത്തട്ടിപ്പ് നടത്തിയെന്ന് ജാർഖണ്ഡ് ഫുട്ബോൾ അസോസിയേഷൻ സമ്മതിച്ചപ്പോൾ പ്രഖ്യാപിച്ച പട്ടികയിൽ ഗൗരവിന്റെ പേരും ഉൾപ്പെട്ടിരുന്നു. അങ്ങനെയെങ്കിൽ 2015ൽത്തന്നെ ഗൗരവിന് 15 വയസിൽ കൂടുതലുണ്ട്. ആ കണക്കുവച്ചുനോക്കിയാൽ ഗൗരവിന് 19 വയസെങ്കിലും ഇപ്പോൾ ഉണ്ടാകും. മറിച്ച് 2015ൽ 15 വയസ് ആണെങ്കിൽത്തന്നെ കഴിഞ്ഞ മൂന്ന് വർഷംകൊണ്ട് ഒരു വയസ് മാത്രമേ ഗൗരവിന് കൂടിയുള്ളോ എന്ന ചോദ്യവുമുണ്ട്.