ദുബായ്: ഈ ബിലാൽ പഴയ ബിലാൽ ആണ്. പക്ഷേ, കളത്തിൽ വിനാശകാരിയും. കളത്തിൽ ബിഗ്ബിയായി ബിലാൽ ആസിഫ് എന്ന ഓഫ് സ്പിന്നർ തകർത്തുവാരിയപ്പോൾ പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ഓസ്ട്രേലിയ 202ന് പുറത്തായി.
പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സായ 482നു മുന്നിലാണ് ഓസ്ട്രേലിയ ഇങ്ങനെ നിലംപൊത്തിയത്. അതോടെ 280 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് പാക്കിസ്ഥാനു സ്വന്തം. മൂന്നാം ദിനം അവസാനിക്കുന്പോൾ രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 45 റണ്‍സ് എന്ന നിലയിലാണ് പാക്കിസ്ഥാൻ. ഏഴ് വിക്കറ്റ് ശേഷിക്കേ 325 റണ്‍സ് ലീഡ് ആയി പാക്കിസ്ഥാന്.
21.3 ഓവറിൽ 36 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബിലാലാണ് ഓസ്ട്രേലിയയുടെ നടുവൊടിച്ചത്. 29 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് അബ്ബാസും കംഗാരുക്കളുടെ കശാപ്പ് വേഗത്തിലാക്കാൻ സഹായിച്ചു.
ഓപ്പണർമാരായ ഉസ്മാൻ ഖവാജ (85 റണ്‍സ്), ആരോണ്‍ ഫിഞ്ച് (62 റണ്‍സ്) എന്നിവർ ആദ്യവിക്കറ്റിൽ സ്ഥാപിച്ച 142 റണ്‍സിന്റെ അടിത്തറ മുതലാക്കാൻ ഓസ്ട്രേലിയയ്ക്കു സാധിച്ചില്ല. വിക്കറ്റ് നഷ്ടപ്പെടാതെ 142 റണ്‍സ് എന്നി നിലയിൽനിന്നും വെറും 60 റണ്‍സ് എടുക്കുന്നതിനിടെയാണ് ഓസ്ട്രേലിയയുടെ പത്ത് വിക്കറ്റുകളും നിലംപൊത്തിയത്. ഓപ്പണർമാർക്കുശേഷം മിച്ചൽ മാർഷും (12 റണ്‍സ്), പീറ്റർ സിഡിലും (10 റണ്‍സ്) മാത്രമാണ് രണ്ടക്കംപോലും കണ്ടത്.
പാക്കിസ്ഥാന്റെ മുൻ ഇടംകൈ പേസർ സഹീർ സയീദിന്റെ അനന്തരവനാണ് മുപ്പത്തിമൂന്നുകാരനായ ബിലാൽ. ഇന്ത്യ 2004ൽ പാക്കിസ്ഥാനിൽ പര്യടനം നടത്തിയപ്പോൾ ട്രെയിനിംഗ് ക്യാന്പിലേക്ക് പരിഗണിച്ച 22 പേരിൽ ഒരാളായിരുന്നു. എന്നാൽ, പിന്നീട് തഴയപ്പെട്ടു. 75 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 24.54 ശരാശരിയിൽ 299 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.