ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പുതിയ അത്യാഹിത വിഭാഗത്തിൽ രോഗികളോടൊപ്പമെത്തുന്നവർ പ്രാഥമിക കൃത്യനിർവഹണത്തിനോ ഒന്നു വിശ്രമിക്കുന്നതിനോ സൗകര്യമില്ലാതെ നെട്ടോട്ടമോടുന്നു. പകൽ സമയങ്ങളിലായാലുംസന്ധ്യക്ക് ശേഷം വരുന്ന രോഗികളായാലും ഗുരുതരമല്ലെങ്കിൽ 12 മണിക്കൂർ നീരീക്ഷണമുറിയിൽ കിടത്തി പ്രാഥമിക ചികിത്സ നടത്തിയ ശേഷമേ കിടത്തി ചികിത്സയ്ക്ക് ഡോക്ടർമാർ ശിപാർശ ചെയ്യാറുള്ളൂ.
ഈ സമയം രോഗിയോടൊപ്പം ഒരാൾക്ക് മാത്രമേ നീരീക്ഷണമുറിയിൽ പ്രവേശനമുളളൂ. രോഗിയോടൊപ്പം എത്തിയ മറ്റുള്ളവർ അത്യാഹിത വിഭാഗത്തിന് മുൻഭാഗത്തെ റോഡുകളിൽ മണിക്കൂറുകളോളം നിൽക്കണം. എട്ടോ പത്തോ പേർക്കിരിക്കാവുന്ന ഒരു തകര ഷെഡ് ആണ് ആകെ ആശ്രയം. നൂറുകണക്കിന് രോഗികൾ വരുന്പോൾ ഈ ചെറിയ ഷെഡ് നിറഞ്ഞുകവിയും.
12 മണിക്കൂറിലധികം നിന്ന ശേഷമേ ഗുരുതരമല്ലാത്ത രോഗികളെ പല വിധ പരിശോധനയ്ക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുള്ളൂയെന്നതിനാൽ ഈ സമയമത്രയും രോഗിയോടൊപ്പം എത്തുന്നവർ ഒന്നു ഇരിക്കുവാൻ പോലും കഴിയാതെ വെളിയിൽ കാത്തുനിൽക്കേണ്ടി വരുന്നു. സന്ധ്യക്ക് ശേഷം രോഗികളുമായിവരുന്നവരുടെ അവസ്ഥയാണ് വളരെ ദയനീയം.
ആശുപത്രി കോന്പൗണ്ടിലെ റോഡ് വക്കിൽ ഇരുന്നും കിടന്നും നേരം വെളുപ്പിക്കണം. പ്രാഥമിക കൃത്യനിർവഹണത്തിനു പോലും സൗകര്യമില്ല. കൂടാതെ രോഗിയോടൊപ്പം എത്തുന്നവർ വസ്ത്രങ്ങളടക്കമുള്ള മറ്റ് സാമഗ്രികൾ അടങ്ങുന്ന ബാഗ് ഒന്നു സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഇല്ല. അതിനാൽ പണമടങ്ങിയ ബാഗുകൾ സൂക്ഷിക്കുവാനും ഇവർ വളരെ ക്ലേശിക്കുന്നുണ്ട്.
കോടികൾ മുടക്കി അത്യാഹിത വിഭാഗം മന്ദിരം നിർമ്മിച്ചപ്പോൾ അവിടെ രോഗികളുമായി എത്തുന്നവർക്ക് ഒരൽ്പനേരം ഇരിക്കുവാനെങ്കിലും സൗകര്യമുണ്ടാക്കേണ്ടിയിരുന്നു. സ്വകാര്യ ആശുപത്രികളെ വെല്ലുന്ന തരത്തിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ അത്യാഹിത വിഭാഗമാണ്പ്രവർത്തിക്കുന്നതെങ്കിലും രോഗികളോടൊപ്പമുള്ളവർക്കുകൂടി ഒരു വിശ്രമകേന്ദ്രം സജ്ജീകരിക്കാത്തതാണ് ആക്ഷേപത്തിന് കാരണം.
മെയ് 27 നാണ് മുഖ്യമന്ത്രി പുതിയ അത്യാഹിത വിഭാഗം ഉദ്ഘാടനം ചെയ്തത്.പീന്നീട് രണ്ടു മാസക്കാലം നീണ്ടു നിന്ന കാലവർഷ സമയങ്ങളിൽപ്പോലും രോഗിയോടൊപ്പം എത്തുന്നവർക്ക് ഒന്ന് മഴ നനയാതെ കയറി നിൽക്കുവാൻ പോലും കഴിയാതെ വന്നു. ഇത് രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്യുകയും തുടർന്ന് പത്ത് പേർക്ക് ഇരിക്കാവുന്ന കസേരകളും ഒരു ടിൻ ഷീറ്റ് കൊണ്ടുള്ള ഷെഡും നിർമിച്ചതാണ് ഏക ആശ്രയം.
എന്നാൽ പുതിയ അത്യാഹിത വിഭാഗത്തിന് സമീപത്തായി രോഗികളോടൊപ്പമെത്തുന്നവർക്കായി, വലിയ സൗകര്യമുള്ള മന്ദിരം നിർമ്മിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഡിസംബർ മാസത്തോടെ നിർമാണ പ്രവർത്തനം ആരംഭിക്കുമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.