ചേർത്തല: ചേർത്തലയിൽ സിപിഎമ്മിൽ പീഡനപരാതികളെ തുടർന്ന് ഒരുമാസത്തിനുള്ളിൽ പുറത്താക്കിയത് നാലു നേതാക്കളെ. വിവിധ ലോക്കൽ കമ്മറ്റിയിൽ നിന്നുള്ള പീഡനപരാതികളാണ് പാർട്ടിക്കു തലവേദനയാകുന്നത്. എക്സറേ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ വിവാദചിത്രങ്ങൾ പ്രചരിച്ചതും, പള്ളിപ്പുറം തെക്കിലും, ചേർത്തല ടൗണ്‍ ഈസ്റ്റിലും പരാതികളുയർന്നതും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.
ഇതുസംബന്ധിച്ച് ആരോപണം ഉയർന്ന മൂന്നുപേർക്കെതിരെ പാർട്ടി നടപടി എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് കരുവ ലോക്കൽ കമ്മറ്റിയിൽ പീഡന പരാതി ഉയരുന്നത്. പീഡനം നടത്തിയ നേതാവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് വീട്ടമ്മ പാർട്ടി ഓഫീസിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു വീട്ടമ്മയുടെ പരാതി. കണിച്ചുകുളങ്ങര സ്വദേശിനിയായ വീട്ടമ്മയെ ഭർത്താവ് വീട്ടിൽ നിന്നു പുറത്താക്കിയതായും എന്നാൽ നേതാവ് സംരക്ഷിക്കുവാൻ തയാറാവുന്നില്ലെന്നുമായിരുന്നു പരാതി.
തുടർന്ന് ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പ്രശ്നത്തിൽ ഇടപെടുകയും ചർച്ച നടത്തുകയും ചെയ്തു. ഭാര്യയും മക്കളുമുള്ള നേതാവ് ഇവരെ തൽകാലം വാടകവീട്ടിൽ താമസിപ്പിക്കാമെന്ന് ധാരണയായെന്നാണ് വിവരം.
സംഭവം വിവാദമായതിനെ തുടർന്ന് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ചേർത്തല ഏരിയാ ഭാരവാഹിയെ സിപിഎമ്മിൽ നിന്നും പുറത്താക്കുകയായിരുന്നു. നിരന്തരം പീഡന കഥകൾ പുറത്തുവരുന്നത് പാർട്ടിക്കു നാണകേട് ഉണ്ടാക്കിയിരിക്കുകയാണെന്നാണ് ഒരു വിഭാഗം പറയുന്നത്.