കളമശേരി: അർഹതപ്പെട്ട പെൻഷൻ ലഭിക്കാനായി കാഴ്ചക്കുറവുള്ള നന്ദകുമാർ മൂന്നു വർഷമായി അധികാര കേന്ദ്രങ്ങൾ കയറിയിറങ്ങുകയാണ്. 60 വയസു കഴിഞ്ഞ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കുള്ള കേന്ദ്ര സാമൂഹ്യ പെൻഷനാണ് ലഭിക്കേണ്ടത്.
തൃക്കാക്കര നഗരസഭയിൽ കേന്ദ്രഫണ്ട് എത്തിയിട്ടുണ്ടെങ്കിലും അനുവദിക്കുന്നില്ലെന്നാണ് പരാതി. കൊളവേലി വീട്ടിൽ കെ.ആർ. നന്ദകുമാർ തൃക്കാക്കര നഗരസഭയിലെ 27 ാം ഡിവിഷൻ നിവാസിയാണ്. മനുഷ്യവകാശ കമ്മീഷന്റെ മാർച്ച് മാസം മുതലുള്ള സിറ്റിംഗുകളിലും പങ്കെടുത്തെങ്കിലും എന്നാൽ എതിർകക്ഷിയായ തൃക്കാക്കര നഗരസഭ ഹാജരാകാത്തതിനാൽ ഹർജി തീർപ്പാക്കാൻ കമ്മീഷനും കഴിയുന്നില്ല.
ഓംബുഡ്സ്മാനിൽനിന്ന് അനുകൂല വിധി നേടിയെങ്കിലും അത് നടപ്പിലായില്ല. ഇതിനെ തുടർന്നാണ് കമ്മീഷനെ സമീപിച്ചത്. തൃക്കാക്കര നഗരസഭയിൽ അർഹരായ നിരവധി പേർക്ക് സാമൂഹ്യ പെൻഷൻ ലഭിക്കുന്നില്ലെന്ന് നന്ദകുമാർ പറയുന്നു. കക്കൂസ് നിർമാണത്തിനോ വീടുകളുടെ അറ്റകുറ്റപ്പണിയ്ക്കോ വേണ്ട തുകയും അനുവദിക്കപ്പെടുന്നില്ല. രേഖകളും അപേക്ഷകളും വാങ്ങുമെന്നല്ലാതെ മറ്റൊരു നടപടികളും ഉണ്ടാകാറില്ല.
വരുമാനം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് തന്നെ ഇപ്പോൾ 5 തവണ നൽകിക്കഴിഞ്ഞെന്നും ശ്രീരാമ മിഷനിൽ അന്തിയുറങ്ങുന്ന നന്ദകുമാർ പറഞ്ഞു. ഇന്നലെ പത്തടിപ്പാലം റെസ്റ്റ് ഹൗസിൽ നടന്ന സിറ്റിംഗിൽ 72 ഹർജികളാണ് പരിഗണിച്ചത്. അഞ്ച് പുതിയ പരാതികൾ ലഭിച്ചു. 36 ഹർജികൾ പരിഗണനയ്ക്ക് എടുത്തു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ചൊവ്വാഴ്ചത്തെ സിറ്റിംഗിൽ 25 കേസുകൾ തീർപ്പാക്കി.