വൈപ്പിൻ: നായരന്പലത്തുനിന്നും കാണാതായ പതിനെട്ടും പത്തൊന്‍പതും വയസ് പ്രായമുള്ള രണ്ട് യുവതികളെ ഒരാഴ്ച പിന്നിട്ടിട്ടും കണ്ടെത്താനാകാതെ പോലീസ് അന്വേഷണം ഇഴയുന്നു. പെൺകുട്ടികൾക്കൊപ്പം കൊടുങ്ങല്ലൂർ സ്വദേശികളായ മൂന്ന് യുവാക്കളുമുണ്ടെന്നാണ് സൂചന.
യുവാക്കൾക്കാകട്ടെ ക്രിമിനൽ പാശ്ചാത്തലമാണുള്ളതെന്നും സൂചനയുണ്ട്. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇവർ ചെന്നൈയിലെത്തിയതായി അറിയാൻ കഴിഞ്ഞെങ്കിലും പിന്നീട് ഇവരുടെ മൊബൈൽ സ്വിച്ച് ഓഫ് ആയതിനാൽ ഈ വഴിക്കുള്ള അന്വേഷണം തടസപ്പെട്ടിരിക്കുകയാണ്.
സുഹൃത്തുക്കളായ രണ്ട് യുവതികളും നായരന്പലം വടക്കൻ മേഖലയിലുള്ളവരാണ്. ഈ മാസം രണ്ടിന് ഇവർ വീടു വിട്ടതാണ്. വീട്ടുകാർ ഞാറക്കൽ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം നടക്കുന്നത്.