നാദാപുരം: മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന മലയോര മേഖലകളിലെ പോലീസ് സ്റ്റേഷനുകളുടെ സുരക്ഷ വർധിപ്പിക്കുന്നു. അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് സുരക്ഷ കൂട്ടുന്നത്.ഇതിന്റെ ഭാഗമായി നാദാപുരം സർക്കിൾ പരിധിയിലെ വളയം പോലീസ് സ്റ്റേഷനിൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സ്റ്റേഷന്റെ നാല് ഭാഗങ്ങളിലും വാച്ച് ടവറുകൾ സ്ഥാപിച്ചും, നിലവിലുള്ള മതിലുകൾക്ക് ഉയരം കൂട്ടി ഫൈൻ സിംഗ് സ്ഥാപിക്കുന്നു. കൂടാതെ സിസിടിവി കാമറകളും മറ്റ് നിരീക്ഷണ സംവിധാനങ്ങളും സ്റ്റേഷനിൽ ഏർപ്പെടുത്തും.നാൽപ്പത് ലക്ഷത്തോളം രൂപ ഇതിനായി സ്റ്റേഷന് അനുവദിച്ചിട്ടുണ്ട്.
കേരള പോലീസ് ഹൗസിംഗ് കോർപ്പറേഷനാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് .നിലവിൽ മലയോര മേഖലകളിലെ ഭീഷണി നിലനിൽക്കുന്ന വളയം സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ തണ്ടർബോൾട്ടിന്റെ സായുധ സംഘങ്ങളെ രാത്രി കാല ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. വളയം സ്റ്റേഷൻ പരിധിയിലെ വിലങ്ങാട് മലയോരത്തെ വിവിധ ഭാഗങ്ങളിൽ ആയുധ ധാരികളായ മാവോയിസ്റ്റുകൾ നിലയുറപ്പിക്കുന്നതായി പോലീസ് സ്ഥിതീകരിച്ചിരുന്നു.
ഇപ്പോൾ റിമാൻഡിൽ കഴിയുന്ന രൂപേഷ് ഉൾപെടെയുള്ള മാവോയിസ്റ്റുകൾ വിലങ്ങാട് മലയോരത്ത് എത്തിയിരുന്നു.വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളുടെ സംഗമ സ്ഥാനമായ വിലങ്ങാട്ടെ മുക്കൂട്ട് മലയോരം കേന്ദ്രീകരിച്ചാണ് മാവോയിസ്റ്റുകളുടെ പ്രവർത്തനം. മൂന്ന് ജില്ലകളിലേക്കും ഇവിടെ നിന്ന് എളുപ്പത്തിൽ എത്തി ച്ചേരാമെന്നതാണ് വിലങ്ങാട് മലയുടെ സവിശേഷത. കോഴിക്കോട് റൂറൽ പരിധിയിൽ മാവോയിസ്റ്റ് ഭീഷണി നില നിൽക്കുന്ന സ്റ്റേഷനുകളിൽ ഒന്നാണ് വളയം പോലീസ് സ്റ്റേഷൻ.