കണ്ണൂർ: വിവിധ മത ആചാര വിശ്വാസികളായ സ്ത്രീകൾക്ക്, അവരവരുടെ ആചാര മര്യാദകൾ പാലിച്ച് കൊണ്ട് അതാത് ആരാധനാലയങ്ങളിൽ പ്രാർഥനകൾ നടത്താനുള്ള അനുവാദം നൽകാൻ എല്ലാ മതവിഭാഗങ്ങളും തയാറാകണമെന്ന് മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെന്റ് (എംജിഎം) ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
നിബന്ധനകൾക്ക് വിധേയമായി സ്ത്രീകൾക്ക് ആരാധനാലയങ്ങളിൽ പ്രവേശനമനുവദിക്കേണ്ടതുണ്ട്. മുസ്ലിം സ്ത്രീകൾക്ക് കേരളത്തിലെ മിക്ക പള്ളികളിലും ആരാധനാ സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇതിനു തയാറാകാത്ത മഹല്ല് കമ്മിറ്റി ഭാരവാഹികൾ, ആചാരാനുഷ്ഠാന നിബന്ധനകൾ പാലിക്കുന്ന മുഴുവൻ മുസ്ലിം സ്ത്രീകൾക്കും പള്ളികളിൽ പ്രവേശിച്ച് പ്രാർഥന നടത്താനുള്ള അനുവാദം നൽകണെമെന്നും എംജിഎം ആവശ്യപ്പെട്ടു.
കണ്ണൂർ ഇസ്ലാഹിയ്യ അറബിക് കോളജ് ഹാളിൽ സംഘടിപ്പിച്ച കൺവൻഷൻ കെഎൻഎം സംസ്ഥാന സെക്രട്ടറി ഡോ. സുൾഫിക്കർ അലി ഉദ്ഘാടനം ചെയ്തു. എം.ജി.എം. കണ്ണൂർ ജില്ലാ ഭാരവാഹികളായി ശമീമ ഇസ്ലാഹിയ്യ (പ്രസിഡന്റ്), ഷഹനാസ റഷീദ് (സെക്രട്ടറി), മൈമൂന ബഷീർ (ട്രഷറർ) , കെ.വി.പി. നസീമ, നസ്റീന ഖയ്യൂം (വൈസ് പ്രസിന്റുമാർ) കെ.പി. ശരീഫ ടീച്ചർ, എൻ.കെ. രഹന (ജോയിന്റ് സെക്രട്ടറിമാർ), ഇസ്മിറ സിദ്ദീഖ്, കെ.പി. സജ്ന, എ.ഒ.നജ്മ , മുബീന നിസാമുദീൻ, സഫ്റിയ ഫൈസൽ (സെക്രട്ടറിയേറ്റ് അംഗങ്ങൾ).