എച്ച്ഐവി ബാധിതയായി എന്ന കാരണത്താൽ തന്നെ അകറ്റി നിർത്തിയ സമൂഹത്തിനാകെ ഇന്ന് വെളിച്ചം പകർന്നു നൽകുന്ന രത്ന ജാദവ് എന്ന മുപ്പത്തിനാലുകാരി ഒരു മാതൃക മാത്രമല്ല മറിച്ച് എല്ലാം നഷ്ടപ്പെട്ടപ്പെട്ടവരുടെ മുമ്പിലെ അടുത്ത അധ്യായം മരണമല്ലെന്നു വ്യക്തമാക്കി നൽകുകയാണ്. 1984ലാണ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിനടുത്ത് ഖട്കാത് വില്ലേജിൽ രത്ന ജനിക്കുന്നത്.
ഒരു ആണ് കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്ന രത്നയുടെ മാതാപിതാക്കൾക്ക് രത്നയുടെ ജനനം തീർത്തും ഇഷ്ടമായിരുന്നില്ല. കാരണം ആദ്യം ജനിച്ച നാലു പെണ്മക്കൾക്കു ശേഷം അവർ ആഗ്രഹിച്ചത് ഒരു ആണ്കുഞ്ഞിനെയാണ്. ഈ ഇഷ്ടക്കേടുകാരണം അമ്മ രത്നയ്ക്ക് പാല് പോലും നൽകിയിരുന്നില്ല. രത്ന അഞ്ചാം ക്ലാസ് പൂർത്തിയായപ്പോഴേക്കും പഠനം നിർത്തി പണിക്കിറങ്ങാൻ മാതാപിതാക്കൾ നിർബന്ധിച്ചിരുന്നു. എന്നാൽ പഠനം ഉപേക്ഷിക്കുവാൻ തയാറാകാതിരുന്ന രത്നയ്ക്ക് കൈത്താങ്ങായത് ഒരു അധ്യാപികയായിരുന്നു. എല്ലാ സഹായങ്ങളും നൽകി അധ്യാപിക കൂടെയുണ്ടായിരുന്നതു കാരണം പത്താം ക്ലാസ് പഠനം പൂർത്തിയാക്കുവാൻ രത്നയ്ക്കായി.
എന്നാൽ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഇരുപത്തിയൊന്നുകാരനായ ജാദവിന്റെ മണവാട്ടിയാകാനായിരുന്നു രത്നയുടെ നിയോഗം. എന്നാൽ അദ്ദേഹം ഒരു എച്ച് ഐവി ബാധിതനായിരുന്നുവെന്ന് രത്നയ്ക്ക് അറിയില്ലായിരുന്നു. തന്റെ രോഗബാധയെക്കുറിച്ച് ജാദവ് രത്നയോടു മറച്ചുവയ്ക്കുകയും ചെയ്തു.
2000ൽ ഇരുവർക്കും ഒരു കുട്ടിയുണ്ടായി. പിന്നീടാണ് ജാദവിന്റെ പ്രശ്നത്തെക്കുറിച്ച് രത്ന അറിയുന്നത്. സംഭവം പുറത്തായതോടെ വീട്ടിൽ നിന്നും നാട്ടിൽ നിന്നും അവഗണന ഏറ്റുവാങ്ങുവാനായിരുന്നു രത്നയുടെ വിധി. തന്റെ ഭർത്താവിനെ ചികിത്സിക്കുവാൻ രത്ന തന്നാൽ കഴിയുന്നത്രെ ശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. ഡോക്ടർമാർ പോലും അവരെ കൈയ്യൊഴിഞ്ഞു. 2001ൽ ജാദവും മരണത്തിനു കീഴടങ്ങിയപ്പോൾ മുമ്പോട്ടുള്ള ജീവിതത്തിന് അവരെ പ്രേരിപ്പിച്ചത് അവരുടെ കുഞ്ഞായിരുന്നു.
രത്ന തിരികെ വീട്ടിൽ വന്നുവെങ്കിലും വീട്ടുകാരും അവരെ കൈയ്യൊഴിഞ്ഞു. തന്റെ കുഞ്ഞിനെ ഒന്നു തൊടുവാൻ പോലും അവർ തയാറാകാതിരുന്നത് രത്നയെ തകർത്തുകളഞ്ഞു. അങ്ങനെയിരിക്കെ രത്നയുടെ കുഞ്ഞും മരണത്തിനു കീഴടങ്ങി. ഈ ലോകത്ത് തനിക്ക് ആരുമില്ലെന്നു മനസിലാക്കിയ രത്ന ഒരു നിമിഷം പോലും കാത്തുനിൽക്കാതെ കീടനാശിനി കുടിച്ച് ആത്മഹത്യയ്്ക്കു ശ്രമിച്ചു. എന്നാൽ വിധി അവൾക്കു വേണ്ടി കാത്തുവച്ചത് മറ്റൊന്നായിരുന്നു.
ആശുപത്രിയിൽ വച്ചാണ് രത്നയുടെ ജീവിതത്തിലെ രണ്ടാം ഭാഗം ഉരുതിരിയുന്നത്. രത്നയുടെ കഥ അറിഞ്ഞെത്തിയ സാമൂഹ്യ പ്രവർത്തകനായ ജയേഷ് കാംബ്ലേയും Comprehensive Rural Health Project (CRHP) സ്ഥാപകനായ ഡോ. രജനീകാന്ത് അറോളെയും രത്നയുടെ മുമ്പിൽ ജീവിതത്തിന്റെ മറ്റൊരു വാതിൽ തുറന്നിടുകയായിരുന്നു. അവർക്കൊപ്പം ചേർന്ന രത്ന പാവപ്പെട്ട രോഗികൾക്ക് ചികിത്സ എത്തിക്കുന്ന പ്രവർത്തനത്തിന്റെ ഭാഗമാകുകയായിരുന്നു. എച്ച് ഐവി ബാധിതരോട് സമൂഹം കാണിക്കുന്ന അവഗണന ഇല്ലാതാക്കാൻ പല പ്രവർത്തനങ്ങളിലും രത്ന പങ്കാളിയായി.
താൻ എച്ച് ഐവി ആണെന്ന് പറഞ്ഞുകൊണ്ടു തന്നെ ഗ്രാമങ്ങളിലെ എല്ലാ വീടുകളും രത്ന സന്ദർശിച്ചു. പിന്നീട് രണ്ടു വർഷത്തെ പ്രവർത്തനത്തിനു ശേഷം ഒരു ഹെൽത്ത് വർക്കറായി രത്ന പ്രവർത്തനം ആരംഭിച്ചു. ഈ കാലയളവിൽ ഐച്ച് ഐവി ബാധിതർക്കുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളിലും രത്ന പങ്കാളിയായി.
ഇന്ന് മുപ്പതോളം വില്ലേജുകളിൽ പ്രത്യേക ക്ഷണിതാവാണ് രത്ന. മാത്രമല്ല ലോകത്തിന്റെ പലഭാഗങ്ങളിലുള്ള 200 ഡെലിഗേറ്റുകൾക്കായി തന്റെ പ്രവർത്തനങ്ങൾ വിവരിക്കാൻ രത്നയ്ക്ക് സ്വിറ്റ്സർലഡിൽ നിന്നും ക്ഷണം ലഭിച്ചിരുന്നു. എല്ലാം നഷ്ടപ്പെട്ടവരുടെ അഭയകേന്ദ്രം മരണമല്ലെന്ന് തെളിയിച്ച രത്ന ഇന്ന് അനേകായിരങ്ങൾക്കാണ് പ്രതീക്ഷയുടെ ഉറവിടമാകുന്നത്.