കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് സഹയാത്രക്കാരിയുടെ പേഴ്സ് വിദഗ്ധമായി അടിച്ചു മാറ്റിയ യുവതിയെ അതിലും വിദഗ്ധമായി പോലീസിലേൽപ്പിച്ച ബികോം വിദ്യാർഥിനിയാണ് സോഷ്യൽമീഡിയയിൽ താരമാകുന്നത്. തൃശൂരിൽ നിന്നും ചാലക്കുടിയിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ നെല്ലായിയിൽ നിന്നുമാണ് കോളജ് വിദ്യാർഥിനിയായ ദേവഗംഗ കയറിയത്.
കയറിയപാടെ മൂന്നു പേർക്ക് ഇരിക്കുവാൻ സാധിക്കുന്ന സീറ്റിൽ ദേവഗംഗയ്ക്ക് ഇരിക്കാൻ സീറ്റ് ലഭിച്ചു. ഈ സീറ്റിൽ ഒരു സ്ത്രീ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റോപ്പ് എത്തിയപ്പോൾ ഈ സ്ത്രീ സീറ്റിൽ നിന്നും എഴുന്നേറ്റു. അപ്പോൾ അവിടെ ഇരിക്കുവാനായി വന്ന മറ്റൊരു യുവതി എഴുന്നേറ്റ സ്ത്രീയുടെ പേഴ്സ് കൈക്കലാക്കി. ഞൊടിയിടയിൽ നടന്ന ഈ മോഷണത്തിന് സാക്ഷിയായത് ദേവഗംഗ മാത്രമായിരുന്നു.
പഴ്സ് നഷ്ടമായതറിയാതെ ഈ സ്ത്രീ സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ കണ്മുമ്പിൽ നടന്ന മോഷണത്തിന്റെ പകപ്പിലായിരുന്ന ദേവഗംഗ. പേഴ്സ് കൈക്കലാക്കിയ യുവതി വന്നിരുന്നതും ദേവഗംഗയുടെ സമീപത്തായിരുന്നു. ഇവർ രണ്ടുപേർക്കും നടുവിൽ മറ്റൊരു കുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു.
ഭയന്നു വിറച്ച ദേവഗംഗ എന്തുചെയ്യണമെന്നറിയാതെ ഇരുന്നു പോയി. എന്തെങ്കിലും ഉടനെ ചെയ്യണമെന്ന് തീരുമാനിച്ചുറപ്പിച്ച ദേവഗംഗ തന്റെ ഫോണിൽ ഗൂഗിളിൽ സെർച്ച് ചെയ്ത് ചാലക്കുടി പോലീസ് സ്റ്റേഷന്റെ നമ്പർ എടുത്തു. ഉടൻ തന്നെ പതിഞ്ഞ ശബ്ദത്തിൽ പോലീസിനോട് മോഷണത്തെ കുറിച്ചു പറയുകയും ബസ് ചാലക്കുടി എത്താറായെന്നും അറിയിച്ചു. ഇത്രെയും പറഞ്ഞപ്പോഴേക്കും മോഷണം നടത്തിയ യുവതി അടുത്ത സ്റ്റോപ്പിൽ ഇറങ്ങാൻ തുടങ്ങുകയായിരുന്നു.
രണ്ടാമതൊന്ന് ചിന്തിക്കാൻ നിൽക്കാതിരുന്ന ദേവഗംഗ ഇവർക്കൊപ്പം സ്റ്റോപ്പിൽ ഇറങ്ങുകയും ചെയ്തു. നടന്നു നീങ്ങിയ മോഷ്ടാവിന്റെ പിന്നാലെ ഈ കുട്ടിയും നടന്നു. ഈ സമയം പോലീസുകാർ സ്ഥലത്തെത്തി. ദേവഗംഗയുടെ അടുക്കൽ പോലീസ് വണ്ടി നിർത്തിയപ്പോൾ പന്തികേടു തോന്നിയ മോഷ്ടാവ് അടുത്ത ബസിൽ കയറി സ്ഥലം വിടാനൊരുങ്ങി. പെട്ടന്നു തന്നെ പോലീസ് വാഹനത്തിൽ കയറിയ ദേവഗംഗ അവരോട് പറഞ്ഞു, “സാർ, മോഷ്ടാവ് ആ ബസിലുണ്ട്’. മുമ്പോട്ടു കുതിച്ച പോലീസ് വാഹനം ബസിനെ കുറുകെ തടഞ്ഞു നിർത്തുകയും ഞൊടിയിടയിൽ മോഷ്ടാവിനെ പിടികൂടുകയുമായിരുന്നു. മോഷണം പോയ പേഴ്സും ഇവരിൽ നിന്നും കണ്ടെടുത്തു.
എസക്കി
തമിഴ്നാട് മധുരൈ സ്വദേശിനിയായ എസക്കിയാണ് പിടിയിലായത്. തൃശൂരിലും കൊച്ചിയിലുമുള്ള തിരക്കുള്ള ബസിൽ കവർച്ച നടത്താൻ തന്റെ കൂടെയുള്ള സ്ത്രീകൾ ഇറങ്ങിയിട്ടുണ്ടെന്നാണ് ഇവർ പോലീസിനോടു പറഞ്ഞിരിക്കുന്നത്.
ബുദ്ധി ഉപയോഗിച്ച് മോഷ്ടാവിനെ പിടികൂടിയ ദേവഗംഗ ഇപ്പോൾ നാട്ടിലും കോളജിലും ഹീറോയായി മാറിയിരിക്കുകയാണ്. ചാലക്കുടി സ്വാമി വിവേകാനന്ദ കോളജിലാണ് ദേവഗംഗ പഠിക്കുന്നത്.