നാട്ടുകാരെ പേടിപ്പിച്ച കോട്ടയം കറുകച്ചാലിലെ യക്ഷി പോലീസിനെ പേടിച്ച് പുറത്തിറങ്ങാതായി. പോലീസ് രാത്രി പട്രോളിംഗ് ശക്തമാക്കി യക്ഷിവേട്ട ആരംഭിച്ചതോടെയാണ് യക്ഷിക്കഥ കേള്‍ക്കാതായത്. യക്ഷി ഒറിജിനലായാലും ഡ്യൂപ്ലിക്കേറ്റായാലും പോലീസിനെ പേടിയാണെന്ന് വ്യക്തമായി.
കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണു കറുകച്ചാല്‍ ഉമ്പിടി കാരയ്ക്കാട്ടുകുന്ന് ഭാഗത്ത് യക്ഷിയെ കണ്ടെന്ന പ്രചാരണമുണ്ടായത്. പുലര്‍ച്ചെ ആളൊഴിഞ്ഞ സ്ഥലത്ത് വെള്ളസാരി ധരിച്ച സ്ത്രീ കൈകാട്ടി വിളിച്ചെന്നും അട്ടഹസിച്ചെന്നുമൊക്കെയാണ് ആളുകള്‍ പറയുന്നത്. പുലര്‍ച്ചെ മീന്‍ വില്പനയ്ക്കു പോകുന്നവരും പത്രവിതരണത്തിനു പോകുന്നവരുമാണു യക്ഷിയെ നേരിട്ടു കണ്ടിട്ടുള്ളത്. സംഭവം നാട്ടില്‍ കാട്ടുതീ പോലെ പടര്‍ന്നതോടെയാണു കറുകച്ചാല്‍ പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതോടെയാണു പ്രദേശത്ത് നിന്നും യക്ഷി അപ്രത്യക്ഷയായത്.
പോലീസിനെ പേടിയുള്ള യക്ഷിയാണു കറുകച്ചാലില്‍ ഇറങ്ങിയതെന്നാണു ഇപ്പോള്‍ നാട്ടിലെ സംസാരം. ഏതായാലും യക്ഷിക്കഥ നാട്ടില്‍ നിന്ന് അപ്രത്യക്ഷമായെങ്കിലും എന്തിനായിരുന്നു ഈ യക്ഷിക്കഥയെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. യക്ഷി യഥാര്‍ഥമായിരുന്നോ അതോ ആരെങ്കിലും പേടിപ്പിക്കാന്‍ യക്ഷിവേഷം കെട്ടിയതാണോ എന്നൊക്കെയാണ് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍. നാട്ടിലെ കവലകളിലും ചായക്കടകളിലുമൊക്കെ സംസാര വിഷയമാണിത്.
യക്ഷി ചമഞ്ഞ് ആരെങ്കിലും തട്ടിപ്പ് നടത്തിയതായി ഇതുവരെ ആരും പറഞ്ഞു കേട്ടില്ല. ആക്രമണ സ്വഭാവം കാണിച്ചതായും അറിവില്ല. വെറുതെ പേടിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. എങ്കിലും എന്തിനായിരിക്കാം ഇങ്ങനെ ആളുകളെ പേടിപ്പിച്ചതെന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു. യക്ഷിപ്പേടി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് കറുകച്ചാല്‍ പോലീസും.