കോട്ടയം: തിരുവനന്തപുരം മുതൽ ചിങ്ങവനം വരെ ക്രോസിംഗ് ഒഴിവാക്കി ട്രെയിനുകൾക്ക് ഓടാനാകുമോ എന്ന് അടുത്ത മാസമറിയാം. അടുത്തമാസം ആദ്യമാണ് പരീക്ഷണ ഓട്ടം. പരീക്ഷണം വിജയിച്ചാൽ യാത്രക്കാർ രക്ഷപ്പെട്ടു. ട്രെയിൻ കടന്നു പോകാൻ ഒരിടത്തും നിർത്തിയിടേണ്ടി വരില്ല. ചങ്ങനാശേരി-ചിങ്ങവനം റൂട്ടിലെ രണ്ടാം പാളത്തിൽ നവംബർ ആദ്യവാരം ട്രെയിൻ ട്രയൽ റണ് നടത്തും. പരീക്ഷണ ഓട്ടത്തിനുശേഷം സുരക്ഷിതമെങ്കിൽ ഡിസംബർ അഞ്ചു മുതൽ പാത സാധാരണ ഓട്ടത്തിനു തുറന്നുകൊടുക്കും.
ബംഗളുരുവിൽനിന്നുള്ള റെയിൽവെ സേഫ്റ്റി കമ്മീഷണർ ആദ്യം ട്രോളിയിലും തുടർന്ന് രണ്ട് ബോഗികളുള്ള ട്രെയിനിലും പരീക്ഷണ ഓട്ടം നടത്തും. 100 കിലോമീറ്റർ വേഗത്തിലായിരിക്കും പരീക്ഷണ ഓട്ടം. ചങ്ങനാശേരി മുതൽ ചിങ്ങവനം വരെ 10 കിലാമീറ്റർ ദൂരം ആറു മിനിറ്റുകൊണ്ട് ഓടിയെത്തും.
പരീക്ഷണ ഓട്ടം തൃപ്തികരമെങ്കിൽ ചങ്ങനാശേരിയിൽനിന്നു ചിങ്ങവനം വരെ പണിത പുതിയ പാളം സിഗ്നൽ ബോർഡുമായി ബന്ധിപ്പിക്കും. ഇതിനുശേഷം ഡിസംബറിൽ പാത കമ്മീഷൻ ചെയ്യും. പാസഞ്ചർ ട്രെയിനുകൾക്ക് 50 കിലോമീറ്ററും എക്സ്പ്രസുകൾക്ക് 60 കിലോമീറ്ററും സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് 70 കിലോമീറ്ററും ഈ റൂട്ടിൽ വേഗം അനുവദിക്കും.
ഇതോടെ തിരുവനന്തപുരം മുതൽ ചിങ്ങവനം വരെ ക്രോസിംഗ് ഒഴിവാക്കി ട്രെയിനുകൾക്ക് ഓടാനാകും.
ചിങ്ങവനം മേൽപ്പാലം, പോളച്ചിറ, കനകക്കുന്ന്, മന്ദിരം, എണ്ണക്കാച്ചിറ, പുലിക്കുഴി, കുറിച്ചി, ചിറവംമുട്ടം, മോർക്കുളങ്ങര, പാറേൽ, ചങ്ങനാശേരി വാഴൂർ റോഡിലെ മേൽപ്പാലം അടക്കം പത്ത് പുതിയ പാലങ്ങളാണ് ഈ റൂട്ടിൽ പണിതീരുന്നത്.
അടുത്ത ഘട്ടമായി ഡിസംബർ അവസാനവാരം ഏറ്റുമാനൂർ-കുറുപ്പന്തറ എട്ടു കിലോമീറ്റർ പുതിയ പാളത്തിൽ പരീക്ഷണ ഓട്ടം നടത്തും. ഫിറ്റ്നസ് ലഭിക്കുന്നതോടെ ജനുവരി ആദ്യം ട്രെയിനുകൾ ഓടിത്തുടങ്ങുന്പോൾ ഏറ്റുമാനൂർ മുതൽ എറണാകുളം വരെ ഇരട്ടപ്പാത നിലവിൽ വരും.
ഏറ്റുമാനൂർ മുതൽ കോട്ടയം വരെ ഇരട്ടപ്പാത നിലവിൽ വരുന്പോൾ വടക്കൻമേഖലയിൽനിന്നും എറണാകുളം വരെ എത്തുന്ന നിരവധി ദീർഘദൂര ട്രെയിനുകൾ കോട്ടയം വരെ ദീർഘിപ്പിക്കാനാകും. ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടിപ്പിക്കൽ ജോലിയാണ് ജില്ലയിൽ ഇഴയുന്നത്. 2003ലാണ് എറണാകുളം-കായംകുളം റൂട്ടിൽ 114 കിലോമീറ്ററിലെ ഇരട്ടപ്പാതയുടെ നിർമാണം തുടങ്ങിയത്.