ഗാന്ധിനഗർ: ലോകാരോഗ്യ സംഘടന അംഗീകരിച്ച നൂൽ ഉപയോഗിച്ചുള്ള ശസ്ത്രക്രിയ പരിശീലനം കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെ എത്തിയ വോൾവോ ബസിലാണ് ശസ്ത്രക്രിയ പരിശീലനം നല്‍കുന്നത്. ഞായറാഴ്ച പരിശീലനം സമാപിക്കും. എല്ലാ വിഭാഗത്തിലും ഉൾപ്പെട്ട ശസ്ത്രക്രിയ ഡോക്ടർമാർക്ക് പരിശീലനം നല്‍കുന്നുണ്ട്.
ഇന്നു രാവിലെ എട്ടിന് ജനറൽ സർജറി മേധാവി ഡോ.ജോണ്‍ എസ്.കുര്യൻ പരീശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു.
നീലത്തിമിംഗലത്തിൽ നിന്നും പ്രോസസ് ചെയ്തെടുത്ത നൂൽ ഉപയോഗിച്ചുള്ള ശസ്ത്രക്രിയാ രീതിയാണ് പരിശീലിപ്പിക്കുന്നത്. ജനറൽ സർജറി, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി, ഓർത്തോ, ഇഎൻടി, പ്ലാസ്റ്റിക് സർജറി തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും ഡോക്ടർമാർക്കാണ് പരിശീലനം.
ഇന്ന് ജനറൽ സർജറിയിലെ 20 ഡോക്ടർമാരാണ് ക്ലാസിൽ പങ്കെടുത്തത്. അസോസിയേറ്റ് പ്രഫസർമാരായ ഡോ.സുനിൽ, ഡോ. അനിൽ കുമാർ, ഡോ.എം എൻ ശശികുമാർ, ഡോ.ബെന്നി ജോണ്‍, ഡോ. കൈലാസ് നാഥൻ എന്നിവരാണ് വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്.
പന്നിയിലാണ് ആദ്യ പരീക്ഷണം നടത്തിയത്. കോട്ടയം മെഡിക്കൽ കോളജിലാണ് കേരളത്തിൽ ആദ്യമായി പരിശീലനം നൽകുന്നത്. നിലവിൽ ചൈനീസ് ഉൽപ്പന്നമായ സിന്തറ്റിക് നൂൽ ആണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. ഇത് ശരീരത്തിന് വിവിധ ദോഷമുണ്ടാക്കുന്നുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലിനെ തുടർന്നാണ് നീലത്തിമിംഗലത്തിൽ നിന്നും സംസ്കരിച്ചെടുത്ത നൂൽ ഉപയോഗിക്കുവാൻ തീരുമാനിച്ചത്.
യൂറോപ്യൻ കന്പനിയായ ജോണ്‍സ് ആന്റ് ജോണ്‍സ് കന്പനിയാണ് മൂന്നു കോടി രൂപ ചെലവാക്കി വോൾവോ ബസിൽ ശസ്ത്രക്രിയ തിയറ്റർ സജ്ജീകരിച്ചത്.