തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരേ ഉയർന്ന ലൈംഗികാരോപണ പരാതിയിൽ കഴന്പുണ്ടെന്ന് സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തി. മന്ത്രി എ.കെ.ബാലൻ, പി.കെ.ശ്രീമതി എംപി എന്നിവരടങ്ങിയ കമ്മീഷനാണ് ശശിക്കെതിരേ പാലക്കാട്ടെ ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയത്. പരാതിയിൽ വസ്തുതയുണ്ടെന്ന കണ്ടെത്തിയ കമ്മീഷൻ നടപടിക്ക് ശിപാർശ ചെയ്ത് അന്വേഷണ റിപ്പോർട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന് സമർപ്പിക്കും.
വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വരും. പാർട്ടി തലത്തിൽ ശശിക്കെതിരേ നടപടിയുണ്ടാകുമെന്ന് ഏകദേശം ഉറപ്പായി. എന്ത് നടപടിയാവും സിപിഎം സ്വീകരിക്കുക എന്ന് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമേ വ്യക്തമാകൂ.
അതേസമയം തനിക്കെതിരേ ഗൂഢാലോചന നടന്നുവെന്ന ശശിയുടെ പരാതിയിലും പാലക്കാട് ജില്ലയിൽ പാർട്ടി നടപടിയുണ്ടായേക്കുമെന്ന് സൂചനയുണ്ട്. അന്വേഷണ കമ്മീഷന്റെ മൊഴിയെടുപ്പിൽ ശശിയെ അനുകൂലിച്ചാണ് ഭൂരുഭാഗവും മൊഴി നൽകിയത്.