മുക്കം: കോഴിക്കോട്ജില്ലയിൽ ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കൽ അവസാനഘട്ടത്തിലേക്ക്. പ്രവൃത്തി മാർച്ച് മാസത്തോടെ പൂർത്തിയാകാനാവുമെന്നാണ് പ്രതീക്ഷ. ഏപ്രിലിൽ ആരംഭിച്ച പ്രവൃത്തി ആറ് മാസം കഴിഞ്ഞതോടെ 70 ശതമാനവും പൂർത്തിയായി.രണ്ടായിരത്തോളംപേർക്ക് നഷ്ടപരിഹാരവും നൽകി.
പൊതുമേഖല സ്ഥാപനമായ ഗെയിൽ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്) നിർമിക്കുന്ന എൽഎൻജി പൈപ്പ്ലൈൻ പദ്ധതിക്ക് ആദ്യ ഘട്ടത്തിൽ ഉയർന്ന പ്രതിഷേധവും പിന്നീട് ഉണ്ടായ പ്രളയവുംചെറിയ തടസ്സം സൃഷ്ടിച്ചിരുന്നു. എങ്കിലും പിന്നീട് പ്രവർത്തനം ദ്രുതഗതിയിൽ തന്നെ മുന്നോട്ട് പോയി.ജില്ലയിൽ 20 മീറ്റർ വീതിയിൽ 77കിലോമീറ്റർ ദൂരത്താണ് പെപ്പിടുന്നത്. ഇതിൽ 17 കിലോമീറ്റർ ദൂരമാണ് ഇനി ബാക്കിയുള്ളത്.
ഇത് കഴിഞ്ഞ ഉടൻ പൈപ്പുകളെ ബന്ധിപ്പിച്ച് വാൽവുകൾസ്ഥാപിക്കും. പിന്നീട് ഐഒസിയും അദാനി ഗ്രൂപ്പും ചേർന്നാണ് വാതക വിതരണം നടത്തുക. കാരശേരി, പുത്തൂർ, കൊടുവള്ളി, കോട്ടുർ പഞ്ചായത്തുകളിലും മുക്കം നഗരസഭയിലുമാണ് ഇപ്പോൾ പണി നടക്കുന്നത്. പ്രവൃത്തികൾ തടസങ്ങളില്ലാതെ മുന്നോട്ട് പോയാൽ ഡിസംബറിന് മുമ്പ് പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന്ഗെയിൽ ഡിജിഎം എം.വിജുപറഞ്ഞു.
പദ്ധതിയുടെ ഭാഗമായി 2500 ഓളം പേർക്ക് 65 കോടിരൂപയാണ് നഷ്ടപരിഹാരംഇതിനോടകം നൽകിക്കഴിഞ്ഞു .കാർഷിക വിളകൾ, മതിലുകൾ തുടങ്ങിയവ നഷ്ടപ്പെട്ടവർക്കും തുകകിട്ടി. പെപ്പിട്ട ഭൂമിക്ക് ന്യായവിലയും നൽകി. ഗെയിൽവാതക പൈപ്പ് ലൈൻ പ്രവർത്തനങ്ങൾ നിയന്ത്രിക്കാനായി.
പുത്തൂർ, ഉണ്ണികുളം, കോട്ടൂർ,ആയഞ്ചേരി എന്നിവിടങ്ങളിലായി നാല് വാൽവ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്.ഇതോടൊപ്പം തന്നെ കൊച്ചി മംഗലാപുരം പ്രധാന കേന്ദ്രങ്ങളെയും വാൽവ് സ്റ്റേഷനുകളേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളിന്റെ പ്രവൃത്തിയും തുടങ്ങിയിട്ടുണ്ട്.
ഇത് കൂടി പൂർത്തിയായാൽ മാർച്ച് മാസത്തോടെ തന്നെ കമ്മീഷൻ ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.90 ശതമാനം സ്ഥലങ്ങളിലും പദ്ധതിക്കെതിരെ എതിർപ്പ് കുറഞ്ഞതും ഗെയിൽ സമരസമിതി പൂർണമായും സമരത്തിൽ നിന്ന് പിൻമാറിയതും ഗെയിലിന് ആശ്വാസമായിട്ടുണ്ട്.