വടകര: പ്രളയ ദുരിതാശ്വാസത്തിന്റെ മറവില്‍ ഉദ്യോഗസ്ഥരുടെ ശമ്പളം ഭീഷണിപ്പെടുത്തി പിരിച്ചെടുക്കാന്നുള്ള ശ്രമത്തിനെതിരായ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ .വേണു.
സംഭാവനകള്‍ സ്വമേധയാ വാങ്ങുന്നതിന് പകരം ഉപേക്ഷകാണിക്കുന്നവരില് നിന്ന് വിസമ്മതപത്രം എഴുതി വാങ്ങുന്നത് സര്‍ക്കാരിന്റെ ഗുണ്ടായിസത്തിന്റെ ഭാഗമാണ്.
ശമ്പളം ജീവനക്കാരുടെ അവകാശമെന്നത് മാറ്റി സര്‍ക്കാരിന്റെ ഔദാര്യമാക്കി മാറ്റാനുള്ള നീക്കം കൂടിയാണ് കോടതി വിധിയോടെ പാളി പോയത്. സംഭാവന നല്കാത്തവരുടെ ലിസ്റ്റ് തയ്യാറാക്കി പാര്‍ട്ടി സംഘടനയെ ഉപയോഗപ്പെടുത്തി ജീവനക്കാര്‍ക്കെതിരെ സാമൂഹിക ഉപരോധം തീര്‍ക്കാനാണ് സിപിഎം ശ്രമിച്ചത്. സര്‍വ്വീസ് ബുക്കില്‍ രേഖപ്പെടുത്താനുളള ശ്രമവും ഇതിനിടയില്‍ നടന്നു.
വിസമ്മതപത്രം ഒപ്പിട്ട ജീവനക്കാരെ വിദൂരങ്ങളിലേക്ക് സ്ഥലം മാറ്റി പീഡിപ്പിക്കല്‍ വ്യാപകമായി നടന്നിട്ടുണ്ട്. കരിവെള്ളൂരില്‍ രണ്ട് സ്കൂള്‍ പ്രധാനാധ്യാപകര്‍ക്കെതിരെ പാര്‍ട്ടിയുടെ പരസ്യ ഭീഷണിയും ഉപരോധവുമാണ് പ്രഖ്യാപിച്ചത്. ഇത്തരം ഗുണ്ടാ പിരിവിനെതിരായ കനത്ത തിരിച്ചടിയാണ് കോടതി വിധിയെന്നും വേണു പറഞ്ഞു.