ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആൾദൈവം രാംപാൽ രണ്ട് കൊലക്കേസുകളിൽ കുറ്റക്കാരനെന്ന് ഹരിയാന കോടതി. 2014ൽ നടന്ന കൊലപാതക കേസുകളിലാണ് രാംപാൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇയാൾക്കുള്ള ശിക്ഷാവിധി ഒക്ടോബർ 16,17 തീയതികളിലായി വിധിക്കും.
2014 നവംബറിൽ ബർവാലയിലെ ആശ്രമത്തിൽ പോലീസും രാംപാൽ അനുകൂലികളും തമ്മിൽ നടന്ന സംഘർഷത്തിൽ അഞ്ച് സ്ത്രീകളും ഒരു കുട്ടിയുമുൾപ്പെടെ ആറു പേർ മരിച്ചതാണ് ആദ്യത്തെ കേസ്. കൂടാതെ രാംപാലിന്റെ ആശ്രമത്തിൽ 2014 നവംബർ18ന് ഒരു സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
2006ൽ ഹരിയാനയിലെ റോഹ്തക്കിൽ രാംപാലിന്റെ അനുയായികൾ നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ഇയാൾ ജയിലിലാണ്.
നിരവധി തവണ രാംപാലിനെ അറസ്റ്റു ചെയ്യാൻ പോലീസ് ശ്രമിച്ചിരുന്നു. എന്നാൽ അനുയായികളുടെ ചെറുത്തുനിൽപ്പിൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് 2014 നവംബർ 18ന് കൊലപാതക കേസിൽ അറസ്റ്റിലായി. രണ്ടാഴ്ചയോളം അനുയായികൾ ഉയർത്തിയ ചെറുത്തു നിൽപ്പിനെ മറികടന്നാണു രാംപാലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
കൊലപാതകക്കുറ്റം ഉൾപ്പടെയുള്ള കുറ്റങ്ങളിൽ പ്രതിചേർക്കപ്പെട്ട രാംപാൽ ഹാജരാകണമെന്നുള്ള നാൽപതിലധികം കോടതിയുത്തരവുകൾ ലംഘിച്ചിരുന്നു. പതിനായിരത്തോളം അണികളെ കണ്ണീർവാതകവും ജലപീരങ്കിയുമുയോഗിച്ചു വിരട്ടിയോടിച്ച ശേഷമാണു പോലീസിനു 12 ഏക്കറോളം വരുന്ന രാംപാലിന്റെ ആശ്രമത്തിനുള്ളിൽ കടക്കാനായത്. ആസിഡ് ബൾബുകളും കല്ലും മറ്റായുധങ്ങളുമായാണ് ആശ്രമവാസികൽ പോലീസിനെ നേരിട്ടത്.
ഹരിയാനയിലെ ഹിസ്സാർ ജില്ലയിലുള്ള ഇയാളുടെ ആശ്രമത്തിൽ നിന്ന് റിവോൾവറുകളും റൈഫിളുകളുമടക്കം 25 തോക്കുകൾ, വെടിയുണ്ടകൾ, ആസിഡ് സഞ്ചികൾ, ഗ്രനേഡുകൾ എന്നിവയ്ക്കു പുറമേ ഗർഭപരിശോധന കിറ്റുകളും കണ്ടെടുത്തതായി ഹരിയാന പോലീസ് വ്യക്തമാക്കിയിരുന്നു.
ഒരു ലക്ഷം പേർക്ക് ഒരു മാസം സദ്യയൊരുക്കാൻ വേണ്ടത്ര ഭക്ഷ്യവസ്തുക്കളും പലചരക്കുകളും അത്യാധുനിക ഉപകരണങ്ങളും ആശ്രമത്തിലെ കലവറയിൽ കണ്ടത്തെിയിരുന്നു. രാംപാലിനെ പിടികൂടുന്നതിനായി സർക്കാർ ചെലവഴിച്ചത് 26.16 കോടി രൂപയാണ്.