കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനമല്ല, സ്ത്രീയെ പൂജാരിയാക്കണമെന്ന നിലപാടാണ് ആദിവാസികള്ക്കുള്ളതെന്നു ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു. സുപ്രീം കോടതി വിധി ഗോത്രമഹാസഭ അംഗീകരിക്കുന്നു. തെരുവില്‍ സമരം നടത്തുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന സംസ്കാരത്തെയാണ്. അതിനോട് യോജിക്കാനാകില്ലെന്നും ജാനു പറഞ്ഞു.
പന്തളം രാജവംശം ശബരിമല കൈയടക്കിയിട്ട് ഏതാനും പതിറ്റാണ്ടുകളേയായിട്ടുള്ളു. പാരമ്പര്യമായി ആദിവാസികളുടെ അനുഷ്ഠാന കേന്ദ്രമായിരുന്നു ശബരിമലയെന്നും ജാനു പറഞ്ഞു. ആദിവാസികളുടെ സംസ്കാരം പുരുഷനെയും സ്ത്രീയെയും രണ്ടായി കണ്ടിട്ടില്ല. എല്ലാ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും സ്ത്രീക്കും പുരുഷനും തുല്യതയുണ്ടെന്നും അവർ പറഞ്ഞു.
വനാവകാശപ്രകാരം ശബരിമല ക്ഷേത്രം ആദിവാസികള്‍ക്ക് വിട്ടുനല്‍കണമെന്നും ജാനു ആവശ്യപ്പെട്ടു. പട്ടികവര്‍ഗ പ്രദേശം പ്രഖ്യാപിച്ചാല്‍ ശബരിമല ആദിവാസി ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ വരും. ആദിവാസി ഗ്രാമസഭയ്ക്കാവും ശബരിമലയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശമെന്നും ജാനു പറഞ്ഞു.