കുമളി: കാലാവസ്ഥാ മുന്നറിയിപ്പിനേതുടർന്ന് നിർത്തിവച്ച ഹൈറേഞ്ചിലെ വിനോദസഞ്ചാര പരിപാടികൾ പുനരാരംഭിച്ചതോടെ വിനോദ സഞ്ചാര മേഖലകൾ ഉണർന്നു. ജില്ലാകളക്ടർ നിരോധന ഉത്തരവ് പിൻവലിച്ചതോടെ തേക്കടി, ഗെവി, വാഗമണ്‍ തുടങ്ങി പ്രധാന വിനോദ കേന്ദ്രങ്ങൾ വീണ്ടും സജീവമായി. മഴയും മഞ്ഞും ആസ്വദിക്കാൻ ഹൈറേഞ്ചിലേക്ക് സഞ്ചാരികളും എത്തിത്തുടങ്ങി.
തേക്കടിയിൽ ബോട്ടിംഗ് ഏതാനുംദിവസത്തെ ഇടവേളയ് ക്കുശേഷം വീണ്ടും ആരംഭിച്ചു. വിദേശികളും തദ്ദേശീയരുമായ സഞ്ചാരികൾ വാഗമണ്‍ – തേക്കടി – മൂന്നാർ പാക്കേജിലാണ് കൂടുതലായും എത്തുന്നത്. വാഗമണ്‍ മൊട്ടക്കുന്നുകളുടേയും മലനിരകളുടേയും ഭംഗിയും കോടമഞ്ഞിന്റെ തണുപ്പും സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.
തേക്കടിയാണ് പ്രധാന ഡസ്റ്റിനേഷൻ. വനംവകുപ്പിന്റെ വിനോദസഞ്ചാര പരിപാടികളും കാനനഭംഗി ആസ്വദിച്ചുള്ള ബോട്ടിംഗും പ്രധാനമാണ്. തടാകത്തിലൂടെ മുളംചങ്ങാടത്തിലുള്ള ബാംബു റാഫ്റ്റിംഗ് സാഹസിക യാത്രികരുടെ പ്രധാന ഇനമാണ്.
തേക്കടി വനത്തിലെ മുള ഉപയോഗിച്ച് ആദിവാസികൾ നിർമിക്കുന്ന ചങ്ങാടം നിയന്ത്രിക്കുന്നതും സഞ്ചാരികളെ വനത്തിനുള്ളിൽ ട്രക്കിംഗിനായി കൊണ്ടുപോകുന്നതും വനംവകുപ്പിലെ ആദിവാസി വാച്ചർമാരുടെ നേതൃത്വത്തിലാണ്. കാടിനെ അറിയുന്ന ഒരു ആദിവാസി വാച്ചറെങ്കിലും ഒരു സംഘത്തിന്റെ കൂടെയുണ്ടാകും എന്നത് തേക്കടിയിലെ പ്രത്യേകതയാണ്. സുരക്ഷിതത്വത്തിനും മികച്ച സേവനം നൽകുന്നതിനുമുള്ള വനംവകുപ്പിന്റെ പദ്ധതിയാണിത്.
വനത്തിൽ ദിവസങ്ങൾ ടെന്റുകെട്ടി താമസിക്കുന്നതിനും സൗകര്യമുണ്ട്. ഭക്ഷണവും മറ്റു സൗകര്യങ്ങളും വനംവകുപ്പ് നൽകും. ആനച്ചാലിൽ വനംവകുപ്പ് സഞ്ചാരികൾക്ക് മിതമായ നിരക്കിൽ താമസസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആദിവാസി ഉൗര് സന്ദർശനവും ആദിവാസികൾ നിർമിക്കുന്ന ഉത്പന്നങ്ങളുടെ വിപണനവും ശ്രദ്ധേയമാണ്.
സ്വകാര്യ വ്യക്തികൾ നടത്തുന്ന കളരിപ്പയറ്റ് പ്രദർശനം, സ്പൈസ് സ്പാ സ്റ്റേഷൻ വിസിറ്റ്, അട്ടപ്പള്ളത്ത് ആരംഭിച്ച കുട്ടികൾക്കും മുതിർന്നവർക്കും മികച്ച വിവിധ വിനോദ പരിപാടികളുള്ള റോസ് പാർക്ക് തുടങ്ങിയവ കുമളിയിലെത്തുന്ന സഞ്ചാരികൾക്ക് മികച്ച അനുഭവമാണ്. വനത്തിലൂടെ ഗെവിയിലേക്കുള്ള യാത്രയും ഗെവിയിലെ താമസവും സഞ്ചാരികളുടെ മോഹംതന്നെയാണ്.
ഇടുക്കി അഞ്ചുരുളി, കാൽവരിമൗണ്ട് എന്നിവിടങ്ങൾ സന്ദർശിച്ച് ഇടുക്കി ജലാശയത്തിന്റെ പ്രകൃതിഭംഗി കാണുവാനും നിരവധി സഞ്ചാരികളാണെത്തുന്നത്. വരയാടും നീലക്കുറിഞ്ഞിയും പ്രകൃതി ഭംഗിയും കാലാവസ്ഥയും ഏറെ പ്രിയങ്കരമാക്കിയ സഞ്ചാരികളുടെ സ്വപ്ന ഭൂമിയായ മൂന്നാറും സജീവമാകുകയാണ്.