മറയൂർ: മറയൂർ ആനക്കാൽപെട്ടി പ്രദേശത്തെ കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമടയ്ക്കാനെത്തിയപ്പോൾ ചില്ലറ ത്തുട്ടുകളായതിനാൽ സ്വീകരിക്കാൻ ബാങ്ക് അധികൃതർ വിസമ്മതിച്ചതിനെതുടർന്ന് പ്രതിഷേധം. മറയൂർ എസ്ബിഐ ശാഖയിലാണ് സംഭവം.
ആനക്കാൽപെട്ടി ഭാഗത്തെ ബാലസംഘം പ്രവർത്തകർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കുന്നതിനായി സ്വരൂപിച്ച തുകയിൽ പത്തുരൂപയുടെ ചില്ലറ തുട്ടുകളായിരുന്നു. ഇത്തരത്തിൽ ശേഖരിച്ച 2500 രൂപയും പത്തിന്റെ നാണയങ്ങളായിരുന്നു. കുട്ടികളിൽനിന്നൂം ലഭിച്ച പണവുമായി ബാങ്കിലെത്തിയ സിപിഎം ഏരിയ കമ്മിറ്റിയംഗം എസ്. ചന്ദ്രൻ, എസ്. രാജ എന്നിവരോട് ചില്ലറപൈസയായി പണം സ്വീകരിക്കാൻ കഴിയില്ലെന്നൂം നിയമതടസമുണ്ടെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
ഇതേതുടർന്ന് സിപിഎം മറയൂർ ഏരിയ സെക്രട്ടറി വി. സിജിമോന്റെ നേതൃത്വത്തിൽ ബാങ്കിനുമുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതോടെ എസ്ബിഐ റീജണൽ മാനേജർ പ്രശ്നത്തിൽ ഇടപെടുകയും ദുരിതാശ്വാസ നിധിയിലേക്കൂള്ള പണംസ്വീകരിക്കാൻ തയാറാകുകയും ചെയ്തു.
മറയൂർ മേഖലയിൽ വ്യാപാര സ്ഥാപനങ്ങളിൽപോലും പത്തുരൂപയുടെ നാണയം സ്വീകരിക്കാൻ തയാറാവാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.