മൂന്നാർ: മൂന്നാർ ഡിവൈഎസ്പി ഓഫീസ് പരിസരത്ത് അപ്രതീക്ഷിതമായെത്തിയ അതിഥി പോലീസുകാർക്കും കാഴ്ചക്കാർക്കും കൗതുകമായി. ചിത്രശലഭങ്ങളിലെ ഏറ്റവും വലുപ്പംകൂടിയ ഇനമായ അറ്റ്ലസ് മോത്ത് എന്നറിയപ്പെടുന്ന ചിത്രശലഭമാണ് ഡിവൈഎസ്പി ഓഫീസ് മുറ്റത്തെത്തിയത്.
ഒട്ടേറെ പ്രത്യേകതകളുള്ള ചിത്രശലഭമാണ് മൂന്നാറിലെ തണുപ്പിലെത്തിയത്. ചിറകു വിരിച്ചാൽ 25 മുതൽ 30 സെന്റിമീറ്റർവരെ വലുപ്പമുണ്ട്. ചിറകുവിരിച്ചാൽ ഭൂപടംപോലെ തോന്നുന്നതിനാലാണ് അറ്റ്ലസ് മോത്ത് എന്ന് ഇവ അറിയപ്പെടുന്നത്.
ആണ് ചിത്രശലഭങ്ങളെ അപേക്ഷിച്ച് പെണ്ചിത്രലഭങ്ങൾക്ക് വലുപ്പം കൂടുതലാണ്. രണ്ടാഴ്ചമാത്രം ആയുസുള്ള ഇത്തരം ചിത്രശലഭങ്ങൾ ശത്രുക്കളിൽനിന്നും രക്ഷനേടാൻ ഉണങ്ങിയ ഇലയിൽ പതിയിരിക്കാറുണ്ട്. ചിറകുകളേക്കാൾ ശരീരഭാഗം ചെറുതായ ഇവയെ വരണ്ട മഴക്കാടുകൾക്കു പുറമേ ഹിമാലയ താഴ് വാരങ്ങൾ, ചൈന, മലയ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലും കാണപ്പെടാറുണ്ട്.
ചിറകിനു മുകൾവശത്തായുള്ള അഗ്രത്തിൽ കാണപ്പെടുന്ന പാന്പിന്റെ തലയുടേതുപോലെയുള്ള ഭാഗം ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ഇവയെ സഹായിക്കുന്നുണ്ട്. അറ്റാക്കസ് അറ്റ്ലസ് എന്നതാണ് ഇവയുടെ ശാസ്ത്രീയനാമം.