തിരൂർ: പോലീസിനെ വട്ടം കറക്കിയ ടിവി മോഷ്ടാവ് ഒടുവിൽ പിടിയിൽ. കേരളാ പോലീസിന് തലവേദനയായി ഹോട്ടൽ മുറികളിൽ നിന്നും ടിവി കവർന്നു മുങ്ങിക്കൊണ്ടിരുന്ന കള്ളൻ കോയന്പത്തൂരിൽ വച്ചാണ് കഴിഞ്ഞ ദിവസം പിടിയിലായത്. കോയന്പത്തൂരിലെ ആഡംബര ഹോട്ടലിൽ സമാന രീതിയിൽ മുറിയെടുത്ത് ടിവിയുമായി കടന്നു കളയുന്നതിനിടെ പിടിയിലാവുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ ടിവി മോഷണത്തിന് കേസുള്ള ആൾ തന്നെയാണ് കോയന്പത്തൂരിൽ പിടിയിലായതെന്ന് സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. വിവിധ പേരുകളിൽ ഹോട്ടലിൽ മുറിയെടുക്കുന്ന ഇയാളുടെ യഥാർഥ പേര് ശിവകുമാർ എന്നാണെന്നാണ് പോലീസിനു ലഭിച്ച വിവരം.
ഇയാളുടെ വീട് പാലക്കാട് ചെനക്കത്തൂർ ക്ഷേത്രത്തിന് സമീപമാണെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ലോഡ്ജുകളിൽ ടിവി മോഷണം പെരുകുന്നത് പോലീസിന് തലവേദനയായിരുന്നു. മോഷണത്തിനിടെ പല തവണ സിസിടിവിയിൽ കുടുങ്ങിയിട്ടും മോഷ്ടാവിനെ പിടികൂടാൻ സാധിച്ചിരുന്നില്ല.
രണ്ട് മാസം മുന്പ് നിലന്പൂർ എടക്കര സാമ്രാട്ട് ബാർ ഹോട്ടൽ ലോഡ്ജിൽ നിന്നും എൽഇഡി ടിവി മോഷണം പോയതാണ് കേരളത്തിൽ ഒടുവിൽ റിപ്പോർട്ട് ചെയ്ത സംഭവം.
മൂന്നര മാസം മുന്പ് തിരൂരിലെ ടൂറിസ്റ്റ് ഹോം ഹോട്ടൽ മുറിയിൽ വ്യാജപേരിൽ താമസിച്ച ശേഷം ടിവി മോഷ്ടിച്ചു കടന്നുകളഞ്ഞിരുന്നു ഇതേ മോഷ്ടാവ്. ദൃശ്യം സിസിടിവിയിൽ പതിഞ്ഞെങ്കിലും ഇയാൾ ടിവി മോഷണം തുടരുകയായിരുന്നു.
ഇതിനു പുറമെ ഗൂഡല്ലൂർ, ഊട്ടി, തൊടുപുഴ, ഇരിട്ടി എന്നിവിടങ്ങളിലും സമാന മോഷണങ്ങൾ നടന്നു. രണ്ട് വർഷത്തിനിടെ നിരവധി മോഷണ കേസുകൾ ഇയാൾക്കെതിരെയുള്ളതായി പോലീസ് പറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ തുടരെ നടത്തിയ മോഷണത്തിന് ശേഷമാണ് എടക്കരയിൽ രണ്ട് മാസം മുന്പ് ഇയാൾ പൊങ്ങിയത്. ഇവിടെ അമർജിത് എന്ന വ്യാജപേരിലാണ് മുറിയെടുത്തത്. മുന്പും അമർജിത് എന്ന പേരിൽ ഇയാൾ മോഷണം നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. കോയന്പത്തൂർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി.
തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മോഷ്ടാവിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി തിരൂരിലെത്തിക്കും. പ്രതിയെ കസ്റ്റഡിയിലെടുത്ത് ടിവി മോഷണത്തിന്റെ ചുരുളഴിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.