കാട്ടാക്കട: ബീഡി കത്തിക്കാൻ തീ നൽകാത്തതിനെ തുടർന്ന് നാലംഗസംഘം പട്ടികജാതിക്കാരന്റെ ഉടുമുണ്ട് പറിച്ചെടുത്ത് ക്രൂരമായി മർദിച്ചു. മാറനല്ലൂർ, കൂവളശ്ശേരി, ചെമ്പരി തൊട്ടരികത്ത് പുത്തൻവീട്ടിൽ മധു (49) വിനാണ് മർദനമേറ്റത്.
ഓട്ടോറിക്ഷയിൽ നിന്നും ബീഡി കത്തിക്കാൻ ലൈറ്റർ എടുത്തത് ചോദ്യം ചെയ്തതിനാണ് നാലംഗ സംഘം മധുവിനെ മർദിച്ചത്. മധുവിന്റെ വീടിനു എതിർവശത്തായി രവി എന്നയാൾ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷയിൽ നിന്നും പതിവായി ലൈറ്റർ ഉൾപ്പെടെയുള്ള സാധനങ്ങൾ കളവ് പോകുന്നത് പതിവായിരുന്നു. ഇക്കാര്യം മധുവിനെ രവി അറിയിച്ചു.
നാലംഗ സംഘം രാത്രിയിൽ ഓട്ടോറിക്ഷയിൽ നിന്നും ലൈറ്റർ എടുത്ത് ബീഡി കത്തിച്ചുവലിക്കുന്നത് മധു കണ്ടു. പിറ്റേന്ന് രാവിലെ ഇത് ആവർത്തിക്കരുതെന്ന് മധു യുവാക്കളോട് ആവശ്യപ്പെട്ടു. വാക്കുതർക്കത്തെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയ മധുവിനെ പിന്നാലെയെത്തിയ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു.
അക്രമികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. അവശനായ മധു നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സക്കായി പോയെങ്കിലും പെരുമ്പഴുതൂർ എത്തിയപ്പോൾ തളർന്നുവീണു. മധുവിന്റെ മകൾ റൂറൽ എസ്പിക്ക് പരാതി നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പിടികൂടാൻ മാറനല്ലൂർ പോലീസിനോട് എസ്പി അശോക് കുമാർ ഉത്തരവിട്ടു. കേസെടുത്ത പോലീസ്, പ്രതികളെ കണ്ടെത്താൻ വ്യാപക അന്വേഷണത്തിലാണ്.