ശ്രീകണ്ഠപുരം: പടിയൂരിൽ മയിൽ വേട്ട വ്യാപകം. മയിൽകുന്ന്, കല്യാട്, പൂവം, ബ്ലാത്തൂർ, കക്കട്ടംപാറ ഭാഗങ്ങളിലാണു മയിലുകളെ വെടിവച്ചും കെണിവെച്ചും പിടിക്കുന്നത്. നേരത്തെ മയിലുകളുടെ കേന്ദ്രമായിരുന്ന പ്രദേശത്ത് ഇപ്പോൾ വിരലിലെണ്ണാവുന്നവ മാത്രമാണുള്ളതെന്നു നാട്ടുകാർ പറയുന്നു. മുമ്പു പലപ്പോഴും കൂട്ടംതെറ്റി സമീപത്തെ നാട്ടിൻപുറങ്ങളിൽ വരെ മയിലുകളെത്താറുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിത് അപൂർവ കാഴ്ചയായി മാറി.
പ്രദേശത്തു സ്ഥിരമായി നായാട്ട് നടത്തുന്ന സംഘങ്ങളുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. കാട്ടുപന്നികളെയും വെരുകുകളെയും കാട്ടുകോഴികളെയുമെലാം വേട്ടയാടിയിരുന്ന സംഘം ഇപ്പോൾ മയിലുകളെ വ്യാപകമായി വേട്ടയാടുകയാണെന്നാണു പരാതി.
1800 ഏക്കറോളം റവന്യൂ വനഭൂമിയും സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഹെക്ടർ കണക്കിനു കശുമാവിൻ തോട്ടങ്ങളുമുള്ളതു കാരണം നിരവധി വന്യജീവികൾ പ്രദേശത്തുണ്ട്. മുമ്പു മാൻകൂട്ടങ്ങളെ വരെ ഇവിടെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു.
നായാട്ട് സംഘങ്ങൾക്കെതിരെ പരാതിപ്പെട്ടാലും നടപടിയുണ്ടാകാറില്ലെന്നും സംഘത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണു വനംവകുപ്പും പോലീസും സ്വീകരിക്കുന്നതെന്നുമാണ് ആക്ഷേപം.