കോഴിക്കോട്: തുലാമാസ പൂജയ്ക്കായി ശബരിമലയിലെത്തുന്ന യുവതികളെ വഴിയില്‍ തടയില്ലെന്നു ശബരിമല തന്ത്രി കുടുംബാംഗമായ രാഹുല്‍ ഈശ്വര്‍. അതേസമയം, യുവതികള്‍ വരുന്ന വഴിയില്‍ കിടക്കുമെന്നും നെഞ്ചത്ത് ചവിട്ടിവേണമെങ്കില് അവര്‍ക്കു ശബരിമലയില്‍ കയറാമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ മാസം 17 മുതല്‍ 22 വരെ ‘ശബരിമല പള്ളിക്കെട്ടു മുതല്‍ ജെല്ലിക്കെട്ടുവരെ’ എന്ന ആശയമുയര്‍ത്തി ശബരിമലയില്‍ നിരാഹാര സമരം നടത്തും. ലക്ഷക്കണക്കിനു വിശ്വാസികള്‍ ഇതിൽ പങ്കെടുക്കും. മതസൗഹാർദത്തിലധിഷ്ഠിതവും ഗാന്ധിയന്‍ മാര്ഗത്തിലുമാണു നിരാഹാരസമരം നടത്തുന്നത്. ക്ഷേത്രത്തിലുള്ള ദേവതയുടെ അവകാശത്തെ വേണ്ടരീതിയില്‍ പരിഗണിച്ചിട്ടില്ലെന്നും വിധി പ്രസ്താവിച്ച ജഡ്ജിമാരില്‍ മൂന്നു പേർ അഞ്ചു ചോദ്യങ്ങള്‍ പരിഗണിച്ചിട്ടില്ലെന്നും വ്യക്തമാക്കിയാണു പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത്.
വിശ്വാസ സംസ്കാരത്തിനു സ്വാതന്ത്ര്യം വേണമെന്ന ഭരണഘടനയിലെ അവകാശം സംരക്ഷിക്കണമെന്നാണ് അയ്യപ്പധര്‍മസേന ആവശ്യപ്പെടുന്നത്. 800 കോടിയോളം രൂപ ശബരിമലയില്നിന്നുമാത്രമായി ലഭിക്കുന്ന ദേവസ്വം ബോര്‍ഡ് റിവ്യൂപെറ്റീഷനു പോകാത്തതു ധാര്‍ഷ്ട്യമാണ്. സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകനെ പോലും വയ്ക്കാതിരുന്നത് അനീതിയാണ്.
ഒരമ്പലത്തിലും ദൈവമില്ല. അമ്പലത്തിലുള്ള ശക്തിയുടെ പേരു ദേവതയെന്നാണ്. ദൈവവും ദേവതയും രണ്ടും രണ്ടാണ്. പരബ്രഹ്മത്തെ ഉപാസിക്കുന്ന വ്യത്യസ്ത വഴികളാണു ദേവതകള്‍. ഓരോ അമ്പലത്തിലും ദേവതകള്‍ വ്യത്യസ്തമാണ്. ശബരിമലയിലെ അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണ്. അതു മാനിച്ചാവണം അവിടെ പോവാന്‍ . ക്ഷേത്രങ്ങളെ ആര്‍ത്തവത്തോടു ബന്ധിപ്പിച്ചതാണു ഫെമിനിസ്റ്റുകള്‍ക്ക് അവസരം ലഭിക്കാന്‍ കാരണം.
ആര്‍ത്തവവുമായി ബന്ധിപ്പിച്ചതാണ് ശബരിമല കേസ് ദുര്‍ബലപ്പെടാന്‍ കാരണം. ശബരിമലയില്‍ സ്ത്രീവിവേചനമുണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം നാലര ലക്ഷം സ്ത്രീകളാണ് അവിടെയെത്തിയത്. പ്രായനിയന്ത്രണമാണിവിടെയുള്ളത്. അമ്പലങ്ങളോ പള്ളികളോ പൊതുസ്ഥലങ്ങളല്ല. പൊതു ആരാധനയ്ക്കുവേണ്ടിയുള്ള വിശ്വാസികളുടെ സ്ഥലമാണത്.
അതേസമയം, ശബരിമല പൊതുസ്ഥലമായി ബ്രാന്‍ഡ് ചെയ്യാനാണ് ശ്രമിക്കുന്നത്. ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയുടേത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. ശബരിമല യൂണിഫോം സിവില്‍ കോഡിന്റെ ആരംഭമാകട്ടെ എന്നാണ് സുബ്രഹ്മണ്യം സ്വാമിയുടെ നിലപാട്. ശബരിമലയെ ഇത്തരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി എറിഞ്ഞുകൊടുക്കാനാവില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.