തിരുവനന്തപുരം: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ പി.കെ ശശി എംഎൽഎക്കെതിരെ പാർട്ടിതല നടപടി ഇന്നു ഉണ്ടായേക്കും. ബ്രാഞ്ച് തലത്തിലേയ്ക്ക് തരംതാഴ്ത്തുമെന്നാണ് ലഭിക്കുന്ന സൂചന. ശശിക്കെതിരായ പരാതി പരിശോധിക്കാൻ പാർട്ടി പി.കെ ശ്രീമതി, എകെ ബാലൻ എന്നിവരടങ്ങുന്ന അന്വേഷണ കമ്മീഷനെ ചുമതലപ്പെടുത്തിയിരുന്നു.
കമ്മീഷൻ രണ്ടാഴ്ച മുന്പ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റോ കമ്മറ്റിയോ ചർച്ച ചെയ്തിരുന്നില്ല. ശശിക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്യുന്നതിനാണ് ഇന്നു സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്.
തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന പി.കെ ശശിയുടെ പരാതിയും കമ്മീഷൻ പരിശോധിച്ചിരുന്നു. പാലക്കാട്ടെ ജില്ലാ കമ്മറ്റിയിലുള്ള നാലു നേതാക്കൾക്കെതിരെയാണ് ശശിയുടെ പരാതി. ഇതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുകയും പരാതിക്കാരിയുടെ അടക്കം വിശദമായ മൊഴി എടുത്താണ് കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.