കായംകുളം: യുവതിയുടെ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയെടുത്ത കേസിൽ കായംകുളം പോലീസ് അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഓച്ചിറ സ്വദേശിനിയായ നസീന (23), കൃഷ്ണപുരം നിഷാദ് മൻസിലിൽ നിഷാദ്(22), പെരുങ്ങാല കണ്ടിശ്ശേരി തെക്കതിൽ മുഹമ്മദ് കുഞ്ഞ് (അനി-28) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.
എടിഎം കാർഡ് നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതി നൽകാൻ യുവതിക്കൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ കൂട്ടുകാരിയായ നസീനയെ പോലീസ് നടത്തിയ അന്വേഷണത്തിൽ കൈയോടെ പിടികൂടുകയായിരുന്നു. പണം തട്ടാൻ കൂട്ടാളികളായി ഇവർക്കൊപ്പം ഉണ്ടായിരുന്നവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ. സംശയം തോന്നാതിരിക്കാനും അന്വേഷണം വഴി മാറ്റി വിടാനുമാണ് പരാതിക്കാരിക്കൊപ്പം കൂട്ടുകാരിയായ നസീനയുമെത്തിയതെന്ന് പോലീസ് പറഞ്ഞു.
എന്നാൽ പോലീസ് അന്വേഷണം നടത്തിയപ്പോൾ മുഖ്യ പ്രതി നസീന ഉൾപ്പടെ വലയിലായി. കായംകുളം എസ്ഐ രാജൻബാബുവും സംഘവുമാണ് തന്ത്രപരമായി ഇവരെ പിടികൂടിയത്. പോലീസ് പറയുന്നത് ഇങ്ങനെ കഴിഞ്ഞ എട്ടിനാണ് സ്വകാര്യ ബാങ്കിലെ കളക്ഷൻ ഏജന്റായ പത്തിയൂർ കിഴക്ക് സ്നേഹാലയത്തിൽ സുരേഷിന്റെ ഭാര്യ കല തന്റെ എടിഎം കാർഡ് നഷ്ടപ്പെട്ടതായി മനസിലാക്കിയത്.
തുടർന്ന് ബാങ്കിൽ പരാതി നൽകിയപ്പോൾ 68,600 രൂപ പല തവണയായി പിൻവലിച്ചതായി അറിഞ്ഞതോടെ ഇവർ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചു. ഏറ്റവും അടുത്ത കൂട്ടുകാരിയായ നസീനയുമൊത്താണ് ഇവർ പരാതി നൽകാൻ പോലീസ് സ്റ്റേഷനിലെത്തിയത്.നസീനയും കലയോട് പരാതി നൽകാൻ പറഞ്ഞിരുന്നു. കലയുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ച എസ്ഐ രാജൻബാബു കായംകുളത്തെ ഒരു പന്പിൽ നിന്നും കാർഡ് സ്വൈപ്പ് ചെയ്ത് 600 രൂപയ്ക്ക് പെട്രോൾ അടിച്ചതായി കണ്ടെത്തി.
ഇതാണ് നിർണായ ക വഴിത്തിരിവിൽ കാര്യങ്ങൾ എത്തിച്ചത്. തുടർന്ന് പന്പിലെ സിസിടിവിയിലെ ദൃശ്യങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ നിഷാദിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മറ്റൊരു സുഹ!ൃത്തായ പെരുങ്ങാല കണ്ടിശ്ശേരി തെക്കതിൽ മുഹമ്മദ് കുഞ്ഞ് (അനി) ആണ് കാർഡ് നൽകിയതെന്ന് മൊഴി നൽകി.
പിന്നീട് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് പരാതി നൽകാൻ കലയോടൊപ്പമെത്തിയ കൂട്ടുകാരി നസീനയിലേക്ക് അന്വേഷണത്തെ എത്തിച്ചത്. തുടർന്ന് ഇവരെ ചോദ്യം ചെയ്തപ്പോൾ സംഭവങ്ങളുടെ ചുരുളഴിയുകയായിരുന്നു. ഇതോടെ നസീനയുടെയും സംഘത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഇവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.