ഇരിങ്ങാലക്കുട: പ്രളയത്തിനു മുന്പുതന്നെ തകർന്ന നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ബസ് സ്റ്റാൻഡ്-എകെപി റോഡിന്റെ അറ്റകുറ്റപണികളും പുനർനിർമാണവും വൈകുന്നതോടെ ഡ്രൈവർമാർ സമരത്തിലേക്ക്. മഴ കനത്തപ്പോൾ തന്നെ തകർന്ന് കുണ്ടും കുഴിയുമായി മാറിയ റോഡ്, ക്വാറി വേസ്റ്റ് അടിച്ചും കല്ലുകൾ ഇട്ടും നഗരസഭ അധികൃതർ “പുട്ടിയിട്ട്’ മിനുക്കു പണികൾ നടത്തിയിരുന്നു.
മഴ കഴിഞ്ഞാൽ ഉടനെ റോഡ് പൂർവസ്ഥിതിയിൽ ആക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനം പ്രളയത്തിൽ ഒലിച്ചുപോയതോടെ ഡ്രൈവർമാർ സമരരംഗത്തേക്ക് ഇറങ്ങാൻ ഒരുങ്ങുകയാണ്. റോഡിന് ഇരുവശത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങൾ കാന ഉയർത്തി നിർമിച്ചതാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമെന്നും, ഇത് റോഡിനെ നശിപ്പിച്ചുവെന്നും ആരോപണമുണ്ടായിരുന്നു.
പ്രളയാനന്തര നിർമാണ പ്രവൃത്തികൾക്കായി ഒന്നര കോടിയോളം രൂപയാണ് പദ്ധതിയിൽനിന്ന് വകമാറ്റുന്നത്. ഇതിൽ അഞ്ചു ലക്ഷത്തോളം രൂപയാണ് എകെപി റോഡിന്റെ പുനർനിർമാണത്തിനായി മാറ്റിവെച്ചിരിക്കുന്നത്. ജില്ലാ ആസൂത്രണ സമിതിയിൽനിന്നുള്ള അംഗീകാരം നേടിയതിനുശേഷം റോഡ് നിർമാണം പൂർത്തിയാക്കാനാണ് നഗരസഭയുടെ പദ്ധതി.
എന്നാൽ പദ്ധതി പണം ഉപയോഗിച്ച് റോഡ് നിർമാണം നടത്താൻ അനുവദിക്കില്ലെന്നും മുഴുവൻ ചെലവും സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് ഈടാക്കണമെന്നുമാണ് എൽഡിഎഫ്-ബിജെപി അംഗങ്ങൾ ആവശ്യപ്പെടുന്നത്. ഈ ആവശ്യത്തിൽ പ്രതിപക്ഷ അംഗങ്ങൾ ഉറച്ചുനിൽക്കുകയും, സ്വകാര്യ സ്ഥാപനങ്ങൾ ഇത് അംഗീകരിക്കാതിരിക്കുകയും ചെയ്താൽ റോഡ് നിർമാണം അനിശ്ചിതത്വത്തിലാകുമെന്നാണ് കരുതുന്നത്.