കോഴിക്കോട്: നഗരത്തില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വന്‍തോതില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘം സജീവമാകുന്നു. 12 ദിവസത്തിനിടെ 23 കിലോ കഞ്ചാവാണ് ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) ലോക്കല്‍ പോലീസും പിടികൂടിയത്. കൂടാതെ നിരോധിത ന്യൂജന്‍ ലഹരിമരുന്നുകളായ എംഡിഎംഎ എക്സ്റ്റസി പില്‍സ് 50 എണ്ണവും സ്റ്റാമ്പ് രൂപത്തിലുള്ള എല്‍എസ്ഡി 25 എണ്ണവും ഹാഷിഷ് 50 ഗ്രാമും പിടികൂടിയിട്ടുണ്ട്.
ആന്ധ്രയില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമാണ് കൂടുതല്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നത് തടയിടാനുള്ള ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനക്കായി കൊണ്ടുവന്ന ആറു കിലോയിലധികം കഞ്ചാവുമായി ഇന്നലെ രണ്ടുപേരാണ് പിടിയിലായത്.
നരിക്കുനി എരവന്നൂര്‍ സ്വദേശി തുവ്വാട്ടു വീട്ടില്‍ മുഹമ്മദ് റബി (21), നരിക്കുനി പുന്നശ്ശേരി സ്വദേശി കായലാട്ടുമ്മല്‍ മുഹമ്മദ് ആഷിക് (20) എന്നിവരെയാണ് കുന്ദമംഗലം പോലീസും കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ.പി. പൃഥ്വിരാജന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്)ചേര്‍ന്ന് കുന്ദമംഗലം ചൂലാംവയല്‍ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് അറസ്റ്റ് ചെയ്തത്.
ഡിജെ പാര്‍ട്ടിക്കുള്ള പണത്തിന് കഞ്ചാവ് വില്‍പ്പന
ഗോവ,ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഡിജെ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനും ഇത്തരം പാര്‍ട്ടികളില്‍ ദീര്‍ഘനേരം ചെലവഴിക്കുന്നതിനും വേണ്ടിയാണ് പിടിയിലായ മുഹമ്മദ് റബി, മുഹമ്മദ് ആഷിക് എന്നിവര്‍ കഞ്ചാവ് വില്പന നടത്തുന്നതെന്നാണ് അന്വേഷണസംഘം പറയുന്നത്.
പുത്തന്‍ തലമുറ മയക്കുമരുന്നുകള്‍ ആയ എല്‍എസ്ഡി , എംഡിഎംഎ എക്റ്റസി, ഹാഷിഷ് , കൊക്കെയിന്‍ തുടങ്ങിയവയ്ക്കും ഇരുവരും അടിമപെട്ടിട്ടുണ്ട്. ആഢംബര ജീവിതം നയിക്കുന്നതിനും ആവശ്യമായ പണം കണ്ടെത്തുന്നതിനും അമിതമായ ആദായത്തിനു വേണ്ടി ഇവര്‍ കഞ്ചാവ് വില്പനയിലേക്ക് തിരിയുകയായിരുന്നു.
തമിഴ്നാട്,ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍നിന്നും ട്രെയിന്‍ മാര്‍ഗം കഞ്ചാവ് ഇവിടെ എത്തിച്ച് 500 രൂപയുടെ ചെറു പാക്കറ്റുകളാക്കി ആവശ്യക്കാര്‍ക്ക് വില്പന നടത്തുകയാണ് ഇവരുടെ രീതി. ജില്ലയിലെ നരിക്കുനി, പാറന്നൂര്‍, ചേളന്നൂര്‍, കാരക്കുന്നത്ത്, തടമ്പാട്ടുതാഴം തുടങ്ങിയ ഭാഗങ്ങളിലാണ് ഇവര്‍ കൂടുതലായും കഞ്ചാവ് വില്പന നടത്തുന്നത്.
പ്രതികളില്‍ മുഹമ്മദ് റബിയാണ് തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നേരിട്ട് പോയി വലിയ അളവിലുള്ള കഞ്ചാവ് നാട്ടില്‍ എത്തിക്കുന്നത്. പിന്നീട് രഹസ്യ സങ്കേതത്തില്‍ വെച്ച് ചെറു പാക്കറ്റുകള്‍ ആക്കിയ ശേഷം കൂട്ടാളിയായ മുഹമ്മദ് ആഷിക്കും സുഹൃത്തുക്കളായ മറ്റു ചിലരും ചേര്‍ന്നാണ് ആവശ്യക്കാരായ യുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തുന്നത്.
വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് ഡന്‍സാഫിന്റെ നേതൃത്വത്തില്‍ ലഹരി മയക്കുമരുന്ന് മാഫിയയ്ക്കെതിരായ അന്വേഷണം പോലീസ് കൂടുതല്‍ ഊര്‍ജിതമാക്കിയിരുന്നു. സമീപകാലത്ത് കോഴിക്കോട് ജില്ലയില്‍ പിടിയിലായവരില്‍നിന്നും ലഭിച്ച വിവരത്തിന് അടിസ്ഥാനത്തിലാണ് രണ്ടുപേരെ പിടികൂടാനായത്.
കുന്ദമംഗലം എസ്ഐ എസ്.ബി. കൈലാസ് നാഥിന്റെ നേതൃത്വത്തില്‍ എഎസ്ഐ വേണുഗോപാല്‍ , ഡ്രൈവര്‍ സിപിഒ സുബീഷ് ജില്ലാ ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അബ്ദുള്‍ മുനീര്‍ , കെ. രാജീവന് , എം. മുഹമ്മദ് ഷാഫി, എം. സജി, കെ. അഖിലേഷ് ,കെ.എ. ജോമോന് ,എന്‍ . നവീന്‍ ,കെ. പ്രപിന്‍ , ജിനേഷ് ചൂലൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തെക്ക് റിമാൻഡ് ചെയ്തു.