സ്വന്തംലേഖകന്‍
കോഴിക്കോട് : കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്ക്ക് ചുമതല നല്കി പുനഃസംഘടിപ്പിക്കണമെന്ന് റിപ്പോര്‍ട്ടിന് ഒരു വര്‍ഷത്തെ പഴക്കം. ക്രൈംബ്രാഞ്ച് മേധാവിയായിരിക്കെ എ. ഹേമചന്ദ്രന് കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് ക്രൈംബ്രാഞ്ചിനെ പുന:സംഘടിപ്പിക്കണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസനേ്വഷണത്തിന്റെ കാലതാമസവും കുത്തഴിഞ്ഞു കിടക്കുന്ന ക്രൈംബ്രാഞ്ചിനെ ശരിയായ രീതിയില്‍ കൊണ്ടുവരുന്നതിനും വേണ്ടിയായിരുന്നു ഹേമചന്ദ്രന് പുന:സംഘടിപ്പിക്കണമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കൂടാതെ കേസുകള്ക്കനുസരിച്ചുള്ള സേനാംഗങ്ങളുടെ കുറവും ക്രൈംബ്രാഞ്ചിനെ ബാധിച്ചിരുന്നു.
ഓരോ വര്‍ഷവും 700-800 കേസുകളാണ് ക്രൈംബ്രാഞ്ചിന്റെ മൂന്നു വിഭാഗങ്ങളിലുമായി അന്വേഷണത്തിനെത്തുന്നത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ക്രൈംബ്രാഞ്ചിനെ പുന:സംഘടിപ്പിക്കണമെന്ന് ഹേമചന്ദ്രന് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നതില്‍ ഒരു വര്‍ഷമാണ് കാലതാമസമുണ്ടായത്.
ക്രൈംബ്രാഞ്ചിന്റെ വിഭജനം സംസ്ഥാന പോലീസ് സേനയ്ക്ക് ഏറെ ഗുണകരമാവുമെന്ന് ഇപ്പോള്‍ അഗ്നിശമനസേനാവിഭാഗം ഡിജിപിയായ ഹേമചന്ദ്രന് “ദീപിക’യോട് പറഞ്ഞു. കുറച്ചു കാലമാണ് ക്രൈംബ്രാഞ്ചിലുണ്ടായിരുന്നത്. അക്കാലത്ത് നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു കെട്ടിടത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണം വിഭാഗം (ഇഒഡബ്യു), ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് വിഭാഗം (എച്ച്എച്ച്ഡബ്ല്യു), സംഘടിത കുറ്റാന്വേഷണ വിഭാഗം (ഒസിഡബ്ല്യു) എന്നീ മൂന്നു വിഭാഗങ്ങള്‍ക്കും മൂന്നു എസ്പിമാരാണിപ്പോഴുള്ളത്. ഈ ജോലികള്‍ ഒരു എസ്പിയ്ക്ക് ചെയ്യാം. കൂടാതെ ഒരു ജില്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്പിയ്ക്ക് മറ്റു ജില്ലകളുടെ ചുമതല കൂടി നല്‍കിയിരുന്നു.
ഇത് അന്വേഷണങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നും കുറ്റകൃത്യങ്ങളുടെ അടിസ്ഥാനത്തില്‍ ചുമതല നല്‍കാതെ ജില്ലാ അടിസ്ഥാനത്തില്‍ എസ്പിമാര്ക്ക് ചുമതല നല്‍കണമെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടാണിപ്പോള്‍ മന്ത്രിസഭയും അംഗീകരിച്ചത്.
അതേസമയം പുന:സംഘടിപ്പിച്ചെങ്കിലും കൊല്ലം എസ്പിക്ക് പത്തനംതിട്ട ജില്ലയുടെ കൂടി ചുമതലയുണ്ടാകും. കോഴിക്കോട് എസ്പിക്ക് വയനാടിന്റെയും കണ്ണൂര്‍ എസ്പിക്ക് കാസര്‍ഗോഡിന്റെയും ചുതമല നല്‍കും.