മുക്കം: ലോക് സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ വയനാട് മണ്ഡലത്തിൻ തെ രഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാവുന്നു.കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ഏഴ് നിയമ സഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് വയനാട് മണ്ഡലം.
വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി ,കൽപ്പറ്റ മണ്ഡലങ്ങളും കോഴിക്കോട് തിരുവമ്പാടിയും, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂർ നിലമ്പൂർ നിയമസഭാ മണ്ഡലങ്ങളുമാണ് വയനാട് ലോക്സഭാ മണ്ഡലത്തിലുള്ളത്. സീറ്റ് നിലനിർത്തുന്നതിനായി യുഡിഎഫും പിടിച്ചെടുക്കാൻ ഇടത് മുന്നണിയും ശക്തി തെളിയിക്കാനായി എൻഡിഎയും ഇത്തവണ അരയും തലയും മുറുക്കി രംഗത്തുണ്ടാവും.
യുഡിഎഫിന്റെ ശക്തമായ മണ്ഡലമായി അറിയപ്പെടുന്ന വയനാട്ടിൽ കഴിഞ്ഞ തെരഞ്ഞെടുപ്പോടെ സ്ഥിതിഗതികൾ മാറിയ സാഹചര്യമാണുള്ളത്. 2009 ൽ രണ്ട് ലക്ഷത്തോളം വോട്ടുകൾക്ക് എം.ഐ ഷാനവാസ് വിജയിച്ച മണ്ഡലത്തിൽ 2014ൽ അദ്ധേഹത്തിന്റെ ഭൂരിപക്ഷം ഇരുപതിനായിരത്തിൽ താഴെയായി കുറഞ്ഞിരുന്നു. എതിർ സ്ഥാനാർത്ഥിയായിരുന്ന സിപിഐയിലെ സത്യൻ മൊകേരി ശക്തമായ മത്സരം കാഴ്ചവെച്ചാണ് അടിയറവ് പറഞ്ഞത്.
മണ്ഡലത്തിലുടനീളം എം.ഐ ഷാനവാസിനെതിരെ നിലനിന്നിരുന്ന അതൃപ്തിയാണ് ഇടത് മുന്നണിക്ക് നേട്ടമായിരുന്നത്. വയനാട് ജില്ലയിലെ മൂന്ന് നിയമ സഭ മണ്ഡലങ്ങളിലും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മണ്ഡലത്തിലും മികച്ച പ്രകടനം നടത്തിയ സത്യൻ മെകേരിക്ക് മലപ്പുറം ജില്ലയിലെ ഏറനാട്,വണ്ടൂർ മണ്ഡലങ്ങളിലാണ് കാലിടറിയത്. സിറ്റിംഗ് എംപി എം.ഐ ഷാനാവാസി നായി ഐഗ്രൂപ്പ് ശക്തമായി തന്നെ രംഗത്തുണ്ട്.
കേന്ദ്രത്തിൽ യുപിഎ അധികാരത്തിലെത്തുകയും വയനാട്ടിൽ ഷാനവാസ് ജയിക്കുകയും ചെയ്താൽ മന്ത്രിയാവാൻ സാധ്യത ഏറെയാണന്ന് ഐ ഗ്രൂപ്പ് നേതൃത്വം പറയുന്നു. സിറ്റിംഗ് എംപിമാർക്കല്ലാം സീറ്റ് നൽകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനവും ഐഗ്രൂപ്പിന് പ്രതീക്ഷ നൽകുന്നു.
എന്നാൽ നിലവിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റായതിനാൽ ഇത്തവണ സീറ്റ് നൽകാനാവില്ലന്ന് എഗ്രൂപ്പ് വാദിക്കുന്നു. ടി.സിദ്ധീഖിന്റേയും വി.വി.പ്രകാശിന്റേയും ആര്യാടൻ ഷൗക്കത്തിന്റേയും പേരുകളാണ് ഇവർ മുന്നോട്ട് വെക്കുന്നത്. ഷാനവാസില്ലങ്കിൽ കെ.സി.വേണുഗോപാൽ എന്നതാണ് ഐഗ്രൂപ്പ് പറയുന്നത്.
ഇടത് മുന്നണിയിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അണിയറയിൽ സജീവമാണ്. സി പി എം നേതൃത്വത്തിൽ മണ്ഡലത്തിലുടനീളം വീടുകളിൽ സർവേ 80 ശതമാനം പൂർത്തിയായിട്ടുണ്ട്. സീറ്റ് സി.പി.ഐയുടെ കൈവശമായതിനാൽ കഴിഞ്ഞ തവണ ശക്തമായ മത്സരം കാഴ്ചവെച്ച സത്യൻ മൊകേരി തന്നെ ഇത്തവണയും മത്സരിക്കണമെന്നാണ് ഒരു വിഭാഗം പറയുന്നത്.
എന്നാൽ ക്രിസ്ത്യന് വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമായതിനാൽ ജോസ് ബേബി ഉൾപ്പെടെയുള്ളവരെ മത്സരിപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.ഒരു പൊതു സ്വതന്ത്ര്യൻ സ്ഥാനാർത്ഥിയായി വന്നാൽ മണ്ഡലം പിടിച്ചടക്കാമെന്ന് ഇടതു മുന്നണി വിലയിരുത്തുന്നുണ്ട്.
യുഡിഎഫ് വിട്ട് ഇടത് പാളയത്തിലെത്തിയ വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളിനും ശക്തമായസ്വാധീനമുള്ള മണ്ഡലമാണ് വയനാട്. ഈ സീറ്റ് അവർക്ക് വിട്ടുകൊടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എൻഡിഎ സ്ഥാനാർത്ഥിയായി പി.സി.തോമസിനെ മത്സരിപ്പിക്കാനുള്ള ശ്രമവും സജീവമായി നടക്കുന്നുണ്ട്.
ബിജെപിക്കും വലിയ എതിർപ്പില്ലാത്തതിനാലും മതസാമുദായിക സംഘടനകളുമായി വലിയ ഐക്യം കാത്തു സൂക്ഷിക്കുന്നതിനും പി.സി. തോമസ് മുൻപന്തിയിലാണ് എന്നതും അദ്ധേഹത്തിന് പ്രതീക്ഷ നൽകുന്നു.