സീചൊ (ചൈന): ഷാങ്ഹായ്ക്ക് സമീപമുള്ള സീചൊയിലെ ഒളിന്പിക് സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യ-ചൈന യുദ്ധം. ഫുട്ബോൾ കളത്തിൽ വർഷങ്ങൾക്ക് ശേഷം നീലപ്പടയും റെഡ് ഡ്രാഗണ്സും കൊന്പുകോർക്കുന്പോൾ ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായുള്ള വൈര്യത്തിന്റെ കനൽ ജ്വലിക്കും.
മാഴ്സലോ ലിപ്പിയെന്ന ഇറ്റാലിയൻ പരിശീലകന്റെ കീഴിലാണ് ചൈന ഇറങ്ങുന്നത്. ചൈനയുടെ പടക്കോപ്പുകളെ നിർജീവമാക്കി സർജിക്കൽ സ്ട്രൈക്ക് നടത്തി മടങ്ങാൻ ഇന്ത്യൻ തന്ത്രമൊരുക്കുന്നത് സ്റ്റീഫൻ കോണ്സ്റ്റൈന്റനും. ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനാണ് കിക്കോഫ്.
ലോക ജനസംഖ്യയിലെ മൂന്നിൽ ഒന്നിലധികം ഇരു രാജ്യങ്ങളിലുമായാണുള്ളത്. എന്നാൽ, ലോക ഫുട്ബോൾ ഭൂപടത്തിൽ അതിന്റെ മേന്മ ഇരു രാജ്യങ്ങൾക്കും അത്രയൊന്നും അവകാശപ്പെടാനില്ല. ജനസംഖ്യയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലാണെങ്കിലും ഫിഫ റാങ്കിംഗിൽ ചൈന 76ഉം ഇന്ത്യ 97ഉം സ്ഥാനങ്ങളിലാണ്.
എന്നിരുന്നാലും ഇരു രാജ്യങ്ങളും നേർക്കുനേർവരുന്പോൾ ജീവന്മരണ പോരാട്ടം നടക്കുമെന്നുറപ്പ്. കാരണം, കളത്തിനു പുറത്ത് ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായുള്ള വൈര്യംതന്നെ.
ചരിത്രത്തിൽ ആദ്യമായാണ് ചൈനയിൽ ഇന്ത്യ ഫുട്ബോൾ തട്ടാനൊരുങ്ങുന്നത്. നീണ്ട 21 വർഷത്തിനുശേഷമാണ് ഏഷ്യൻ ശത്രുക്കൾ തമ്മിൽ കൊന്പുകോർക്കുന്നത്. 1997ലായിരുന്നു അവസാനമായി ഏറ്റുമുട്ടിയത്. ഇരു ടീമുകളും ഇതുവരെ 17 തവണ നേർക്കുനേർ ഇറങ്ങിയപ്പോഴും ഇന്ത്യക്ക് ജയം അപ്രാപ്യമായിരുന്നു.
അതുകൊണ്ടുതന്നെ ചരിത്രം കുറിച്ച് ചൈനയെ കീഴടക്കുകയാണ് ഇന്ത്യൻ ലക്ഷ്യം. സൗഹൃദ മത്സരമാണെങ്കിലും അതിനപ്പുറമാണ് ഈ പോരാട്ടമെന്ന് ഇന്ത്യയുടെ ബ്രിട്ടീഷ് പരിശീലകനായ കോണ്സ്റ്റൈന്റൻ പറഞ്ഞു കഴിഞ്ഞു. അതെ, ഇന്ത്യ ഈ പോരാട്ടത്തിൽ ലക്ഷ്യംവയ്ക്കുന്നത് ഒരു സർജിക്കൽ സ്ട്രൈക്ക് തന്നെ.
സാഫ് ചാന്പ്യൻഷിപ്പ് ഫൈനലിൽ മാലിദ്വീപിനോട് 1-2നു പരാജയപ്പെട്ട് കിരീടം നഷ്ടപ്പെടുത്തിയശേഷമാണ് ഇന്ത്യൻ സംഘം ഇന്നിറങ്ങുന്നത്. കഴിഞ്ഞ അഞ്ച് മത്സരത്തിൽ ഇന്ത്യയുടെ ഏക പരാജയമായിരുന്നു അത്. മറുവശത്ത് കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ചൈനയ്ക്ക് രണ്ടെണ്ണത്തിലേ ജയിക്കാൻ സാധിച്ചുള്ളൂ. രണ്ടെണ്ണം പരാജയപ്പെട്ടപ്പോൾ ഒരെണ്ണം സമനിലയിൽ കലാശിച്ചു. സെപ്റ്റംബർ 10ന് ബെഹ്റിനോട് സമനില വഴങ്ങിയതാണ് ചൈന കളിച്ച അവസാന മത്സരം.
ഫുട്ബോളിനെ പരിപോഷിപ്പിക്കാൻ മാഴ്സലോ ലിപ്പിയെ കൊണ്ടുവന്നെങ്കിലും ചൈനയുടെ സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ അതീവ സമ്മർദത്തിലാണ് ഇറ്റാലിയൻ പരിശീലകൻ. വെയ്ൽസിനോട് 0-6നു പരാജയപ്പെട്ടതാണ് സമീപ നാളിലെ ചൈനയുടെ വൻ പതനം.
ആഭ്യന്തര ഫുട്ബോൾ ലീഗുകളിലൂടെ കാൽപ്പന്തിന്റെ വേരോട്ടം സജീവമാക്കുകയാണ് ഇന്ത്യയും ചൈനയും. ഈ പശ്ചാത്തലവും ഇന്നത്തെ മത്സരത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. 13 അണ്ടർ 23 കളിക്കാർ ഇന്ത്യൻ ടീമിലുണ്ട്.
ജിങ്കൻ നയിക്കും
ചൈനയ്ക്കെതിരേ ഇന്ത്യൻ ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് താരമായ സന്ദേശ് ജിങ്കൻ നയിക്കും. സുനിൽ ഛേത്രിക്ക് ക്യാപ്റ്റന്റെ ആംബാൻഡ് നല്കാതെയാണ് ജിങ്കനിൽ പരിശീലകൻ കോണ്സ്റ്റൈന്റൻ വിശ്വാസമർപ്പിച്ചിരിക്കുന്നത്. രണ്ട് വർഷമായി ജിങ്കൻ എന്റെ കീഴിൽ കളിക്കുന്നു. കളത്തിൽ പൂർണമായി സമർപ്പിക്കുന്ന താരമാണ് ജിങ്കൻ – കോണ്സ്റ്റൈന്റൻ പറഞ്ഞു.