മുംബൈ: വ്യാഴാഴ്ചത്തെ നഷ്ടമെല്ലാം നികത്തി ഓഹരികൾ തിരിച്ചുകയറി. രൂപയും നേട്ടമുണ്ടാക്കി.ക്രൂഡ്ഓയിൽ വിലയിടിഞ്ഞതും അമേരിക്കൻ വിപണി തിരിച്ചുകയറുമെന്ന പ്രതീക്ഷയുമാണ് ഓഹരികളെ നയിച്ചത്. ക്രൂഡ് ഓയിലിന്റെ ആഗോള ഡിമാൻഡ് വർധന കുറവാകുമെന്ന വിലയിരുത്തൽ രൂപയെ സഹായിച്ചു. ഇറക്കുമതി നിയന്ത്രിക്കാൻ ഗവൺമെന്റ് നടപടികൾ എടുക്കുമെന്ന സൂചനയും സഹായകമായി.
സെൻസെക്സ് ഇന്നലെ 732.43 പോയിന്റ് ഉയർന്നത് 19 മാസത്തിനിടയിലെ ഏറ്റവും വലിയ ഏകദിന നേട്ടമാണ്. ആറാഴ്ചയ്ക്കുള്ളിൽ ആദ്യമാണ് സെൻസെക്സ് പ്രതിവാരനേട്ടം ഉണ്ടാക്കിയത്. ഈയാഴ്ച 366.59 പോയിന്റാണ് സെൻസെക്സിന്റെ നേട്ടം. നിഫ്റ്റി 156.05 പോയിന്റും കയറി.
ഇന്നലെ സെൻസെക്സ് 2.15 ശതമാനം നേട്ടത്തോടെ 34,733.58 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 237.85 പോയിന്റ് (2.32 ശതമാനം) കയറി 10,472.5 ൽ അവസാനിച്ചു.മാരുതി സുസുകി 5.89 ശതമാനവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര 5.29 ശതമാനവും കയറി. ടിസിഎസ് തലേന്ന് നല്ല റിസൾട്ട് പുറത്തുവിട്ടെങ്കിലും ഓഹരിക്കു വില താഴോട്ടുപോയി. ഡോളറിലുള്ള വരുമാനത്തിൽ വർധനയില്ലാത്തതാണ് 3.1 ശതമാനം ഇടിവിനു കാരണം.
ചൈനയിലെ ഷാങ്ഹായ് കോംപസിറ്റും ജപ്പാനിലെ നിക്കൈയും അടക്കം ഏഷ്യൻ ഓഹരിസൂചികകൾ നേട്ടമുണ്ടാക്കി. അമേരിക്കൻ ഓഹരികൾ വ്യാഴാഴ്ച താഴുകയായിരുന്നു. ഡൗ ജോൺസ് തലേന്നത്തെ 800 പോയിന്റ് ഇടിവിനു പുറമേ വ്യാഴാഴ്ച 500 പോയിന്റിലധികം താഴെപ്പോയി. എന്നാൽ ഇന്നലെ രാവിലെ മുതൽ ഡൗ അവധിവ്യാപാരത്തിൽ കുതിപ്പാണു കണ്ടത്. ഇന്നലെ യൂറോപ്യൻ ഓഹരികളും ശരാശരി ഒരുശതമാനം കയറി.
ബ്രെന്റ് ഇനം ക്രൂഡ് ഓയിൽവില 81 ഡോളറിനു താഴെയായതും രൂപയെ സഹായിച്ചു. ഡോളർ 73.41 രൂപവരെ താണിട്ട് 73.5 രൂപയിലാണു ക്ലോസ് ചെയ്തത്. തലേന്നത്തേക്കാൾ 57 പൈസ കുറവായി ഡോളറിന്. വ്യാപാരക്കമ്മി കുറയ്ക്കാൻ നടപടികൾ ഉണ്ടാകുമെന്ന് സാന്പത്തികകാര്യ സെക്രട്ടറി സുഭാഷ് ഗാർഗ് പറഞ്ഞതാണു രൂപയെ സഹായിച്ചത്.