കോട്ടയം: നഗരത്തിൽ പെർമിറ്റ് ഇല്ലാത്ത അനധികൃത ഓട്ടോറിക്ഷകൾ പെരുകുന്നു. ഇതിനെതിരേ അംഗീകൃത പെർമിറ്റുള്ള ഓട്ടോ ഡ്രൈവർമാർ സംഘടിച്ചു മോട്ടോർ വാഹന വകുപ്പിനു പരാതി നല്കാനുള്ള തീരുമാനത്തിലാണ്. പെർമിറ്റില്ലാത്ത ഓട്ടോറിക്ഷകളെ അംഗീകൃത സ്റ്റാൻഡുകളിൽ പ്രവേശിപ്പിക്കില്ല. അതിനാൽ റോഡിൽ പലയിടത്തും അനധികൃതമായി കിടന്നാണ് ഇത്തരം ഓട്ടോറിക്ഷകൾ ഓട്ടം തരപ്പെടുത്തുന്നത്. ഇവർ പലപ്പോഴും അധികമായി പണം ഈടാക്കുന്നതായും പരാതിയുണ്ട്.
പുളിമൂട് ജംഗ്ഷനാണ് അനധികൃത ഓട്ടോറിക്ഷകളുടെ കേന്ദ്രം. തെക്കുനിന്നു വരുന്ന കെഎസ്ആർടിസി ബസുകൾ പുളിമൂട് ജംഗ്ഷനിൽ നിർത്തി ആളിറക്കുന്നിടത്താണ് ഓട്ടോകളുടെ വിളയാട്ടം. ബസിൽ നിന്നിറങ്ങുന്ന യാത്രക്കാരെ റാഞ്ചിയെടുക്കുന്ന രീതിയിലാണ് ഇവരുടെ പെരുമാറ്റം.
ചില സമയത്ത് യാത്രക്കാർക്ക് കെഎസ്ആർടിസിയിൽനിന്നു പുറത്തേക്ക് ഇറങ്ങാൻ പോലും കഴിയാത്ത രീതിയിലാണ് പാർക്കിംഗ്. തിരുനക്കരയിലും അനധികൃത പാർക്കിംഗ് ഉണ്ട്. തിരുവാർപ്പ് ബസുകൾക്കു പുറകിലാണ് ഇവിടത്തെ അനധികൃത പാർക്കിംഗ്. ഇതുപോലെ നഗരത്തിലെ പല സ്ഥലത്തും പെർമിറ്റ് ഇല്ലാത്ത ഓട്ടോകൾ പാർക്ക് ചെയ്യുന്നുണ്ട്.