തിരുവനന്തപുരം: കെഎസ്ആർടിസിയിൽ നിന്നും 134 ജീവനക്കാരെ വീണ്ടും കൂട്ടത്തോടെ പിരിച്ചുവിട്ടു. ദീർഘകാലമായി ജോലിക്കുവരാത്തവരെയും നിയമ വിരുദ്ധമായി അവധിയിൽ പോയവരെയുമാണ് പിരിച്ചുവിട്ടത്. ഡ്രൈവർമാരെയും കണ്ടക്ടർമാരെയുമാണ് പിരിച്ചുവിട്ടത്. കെഎസ്ആർടിസി എംഡി ടോമിന് ജെ. തച്ചങ്കരിയുടെ ഉത്തരവ് പ്രകാരമാണ് നടപടി.
ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് കെഎസ്ആർടിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മേയ് 31-നകം ജോലിയില്‍ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടീസിനു മറുപടി നല്‍കുകയോ ചെയ്യണമെന്ന് കോര്പറേഷന് നിർദേശിച്ചെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇതേത്തുടർന്നാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടി എടുത്തത്.
ഇതേകാരണത്താൽ 773 ജീവനക്കാരെ കെഎസ്ആർടിസി കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടിരുന്നു. നിരന്തരം ജോലിക്ക് ഹാജരാകാത്ത മിനിസ്റ്റീരിയൽ, മെക്കാനിക്കല്‍ വിഭാഗങ്ങളിൽ ഉള്ളവരെയും പിരിച്ചുവിടാനുള്ള നടപടി കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്.