മൂവാറ്റുപുഴ: പ്ലൈവുഡ് വ്യാപാരികൾ തമ്മിലുള്ള തർക്കത്തെത്തു ടർന്നു ക്വട്ടേഷൻ സംഘാംഗങ്ങളെ മൂവാറ്റുപുഴയിൽ എത്തിച്ച രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. മൂവാറ്റുപുഴ മാർക്കറ്റ് മേലേത്തുഞ്ഞാലിൽ സുരേഷ് (48), പെരുമറ്റം തച്ചിളായിൽ സലാം (48) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
നേരത്തെ 20 അംഗ ക്വട്ടേഷൻസംഘത്തെ പോലീസ് പിടികൂടിയിരുന്നു. ഇവരെ മൂവാറ്റുപുഴയിൽ എത്തിച്ച പ്രധാനികളാണ് ഇപ്പോൾ പിടിയിലായിരിക്കുന്നവർ. പ്ലൈവുഡ് കച്ചവടക്കാർ തമ്മിൽ കഴിഞ്ഞയാഴ്ച പേഴയ്ക്കാപ്പിള്ളിയിൽ ഉണ്ടായ അടിപിടിയെ തുടർന്നാണ് സലാമിന്റെയും സുരേഷിന്റെയും നേതൃത്വത്തിൽ ക്വട്ടേഷൻ സംഘത്തെ മാരകായുധങ്ങളുമായി എത്തിച്ചത്.
എന്നാൽ പോലീസിന്റെ ശക്തമായ ഇടപെടൽമൂലം ക്വട്ടേഷൻ സംഘത്തെ പിടികൂടുകയായിരുന്നു. ഈ കേസിൽ മറ്റുള്ളവരെക്കുറിച്ചും പോലീസിനു വ്യക്തമായ സൂചന ലഭിച്ചതിനെതുടർന്ന് അന്വേഷണം നടന്നുവരികയാണ്. പെരുന്പാവൂർ കേന്ദ്രീകരിച്ചു തടിവ്യാപാരം നടത്തുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.