മുംബൈ: മീ ടു കാന്പയിനിൽ അഭിനയ പ്രതിഭ അമിതാഭ് ബച്ചനും കടപുഴകി വീഴുമോ? സ്ത്രീകളുടെ തുറന്നുപറച്ചിലിൽ വൻമരങ്ങൾ കടപുഴകിയതിനു പിന്നാലെയാണ് ബിഗ് ബിക്കെതിരെയും ചൂണ്ടുവിരൽ ഉയർന്നിരിക്കുന്നത്. സെലിബ്രിറ്റി ഹെയൽ സ്റ്റൈലിസ്റ്റ് സപന ഭവനാനിയാണ് അമിതാഭ് ബച്ചനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. മീ ടു കാന്പയിനെ പിന്തുണച്ച് രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു ബച്ചന് സപന ഭവനാനിയുടെ മറുപടി.
നിങ്ങളുടെ സത്യം വൈകാതെ പുറം ലോകം അറിയുമെന്നായിരുന്നു ബച്ചനുള്ള സപന ഭവനാനിയുടെ മുന്നറിയിപ്പ്. താങ്കളുടെ ചിത്രമായ പിങ്ക് തീയേറ്ററിൽ എത്തി തിരിച്ചുപോയതുപോലെ താങ്കളുടെ ആക്ടിവിസവും വൈകാതെ തിരിച്ചുപോകുമെന്ന് സപന ട്വിറ്ററിൽ പരിഹസിച്ചു. ബച്ചന്റെ ട്വിറ്റർ കുറിപ്പിനുള്ള മറുപടിയായാണ് അവർ ഇക്കാര്യം പറഞ്ഞത്.
എക്കാലത്തേയും വലിയ കള്ളമാണ് ബച്ചൻ പറഞ്ഞിരിക്കുന്നത്. സർ, താങ്കളുടെ ചിത്രമായ പിങ്ക് തീയേറ്ററിൽ എത്തി തിരിച്ചുപോയതുപോലെ താങ്കളുടെ ആക്ടിവിസവും വൈകാതെ തിരിച്ചുപോകും. നിങ്ങളുടെ സത്യം വൈകാതെ പുറത്തുവരും- അവർ പറഞ്ഞു.
ബച്ചന്റെ ലൈംഗീകമായുള്ള മോശംപെരുമാറ്റം സംബന്ധിച്ച് നിവധി കഥകൾ കേട്ടിട്ടുണ്ട്. ഈ സ്ത്രീകൾ പുറത്തുവരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിൻറെ കാപട്യം ദുർബലമായിരിക്കുന്നെന്നും മറ്റൊരു ട്വീറ്റിൽ ഭവനാനി പറഞ്ഞു.
സ്ത്രീകൾ ഒരു വിധത്തിലും മോശമായ സമീപനങ്ങൾക്ക് വിധേയമാകുന്ന അവസ്ഥയുണ്ടാകരുതെന്നായിരുന്നു മീ ടുവിനെ പിന്തുണച്ചുള്ള ബച്ചൻറെ പ്രതികരണം. തൊഴിലിടങ്ങളിലെ സ്ത്രീകളെ അപമാനിക്കുന്നത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്. എല്ലാ മേഖലകളിലും സ്ത്രീ പ്രാതിനിധ്യം വർധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്.
ഇത്തരം വിഷയങ്ങളിൽ കർശന നടപടികൾ സ്വീകരിക്കണം. സ്ത്രീകളോടുള്ള ബഹുമാനവും സാംസ്കാരിക മൂല്യങ്ങളും പ്രാരംഭ വിദ്യാഭ്യാസഘട്ടം മുതൽ രൂപപ്പെടേണ്ടതാണ്. എപ്പോഴും സ്ത്രീകളുടെ പ്രശ്നം മനസിലാക്കി അവർക്കൊപ്പം നിൽക്കുമെന്നും ബിഗ് ബി ട്വിറ്ററിൽ പറഞ്ഞു.