കാട്ടിക്കുളം: ഭർത്താവിന്റെ ദുരൂഹ മരണത്തിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി വീട്ടമ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി. കാട്ടിക്കുളം ആലത്തൂർ കുളിർമാവ് കോളനിയിലെ ഉഷയാണ് ഭർത്താവ് ശശിയുടെ ദുരൂഹ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ദേശിയ പട്ടികവർഗ കമ്മീഷനും മാനന്തവാടി ഡിവൈഎസ്പിക്കും പരാതി നൽകിയത്.
2016ൽ വെള്ളാഞ്ചേരി ഇ.കെ. അബ്ദുൾ ലത്തീഫിന്റെ കാപ്പിതോട്ടത്തിൽ വെള്ളം പന്പ് ചെയ്യാൻ പോയതായിരുന്നു ഭർത്താവ് ശശി. കൂടെ ചന്ദ്രൻ എന്നാളും ഉണ്ടായിരുന്നു. എന്നാൽ ലത്തീഫിന്റെ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിൽ വെള്ളം കുറവായിരുന്നുവെന്നും മുങ്ങി മരിക്കാൻ സാധ്യതയില്ലെന്നും ഉഷ പറഞ്ഞത് പോലീസ് കാര്യമാക്കിയില്ലെന്നും പരാതിയിലുണ്ട്.
2016 ഫെബ്രുവരി 26ന് രാത്രി എട്ടോടെ നാട്ടുകാർ പറഞ്ഞാണ് ശശിയുടെ മരണം ഭാര്യ ഉഷ അറിയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങി മരണം എന്നാണെങ്കിലും പോസ്റ്റ്മോർട്ടത്തിൽ തിരിമറി ഉണ്ടെന്നും പരാതിയിൽ പറയുന്നു. അന്നത്തെ സബ് കളക്ടർക്കും അന്വേഷണം നടത്തമെന്ന് കാണിച്ച് ഉഷ പരാതി നൽകിയെങ്കിലും നടപടി എടുത്തില്ലെന്നും പരാതിയിൽ ചൂണ്ടി കാട്ടുന്നുണ്ട്. സംഭവം നടന്നതിന് പിന്നാലെ ലോക്കൽ പോലീസിനോട് മരണത്തിൽ സംശയമുണ്ടെന്ന് ഉഷ പറഞ്ഞിരുന്നുവെന്ന് കുടുംബാംഗങ്ങളും പറഞ്ഞു.
മോട്ടർഷെഡിൽനിന്നും ഷോക്കേറ്റതിന് ശേഷം മൃതദേഹം കുളത്തിൽ കൊണ്ടിട്ടതാണന്ന് സംശയമുണ്ടെന്നാണ് ഉഷ പറയുന്നത്. തുടർന്ന് പാർട്ടിക്കാർ നടത്തിയ ചർച്ചയിൽ 50000 രൂപ താൽക്കാലികമായി നൽകാൻ തോട്ടം ഉടമ സമ്മതിച്ചെങ്കിലും മന്ത്രവാദം പറഞ്ഞ് തങ്ങളെ ഭയപ്പെടുത്തിയതിനാൽ തുക വാങ്ങിയില്ലന്നും കുടുംബം പറഞ്ഞു. കുടെ ഉണ്ടായിരുന്ന ചന്ദ്രൻ എന്നാൾ സംഭവം അറിഞ്ഞില്ലെന്നാണ് പോലീസിന് നൽകിയ മൊഴി.
ഇത് വിശ്വാസിക്കാൻ കഴിയില്ലന്നും ഉഷ പറയുന്നു. ഒരു തവണ പോലീസ് അന്വേഷണത്തിന് വന്നങ്കിലും എസ്റ്റേറ്റ് ഉടമയുടെ വീട്ടിൽ പോയി മടങ്ങിയതല്ലാതെ ഒരു നടപടിയുമുണ്ടായില്ലെന്നും കുടുംബം പറഞ്ഞു. സംസ്ഥാന പട്ടികവർഗ കമ്മീഷനും ഉഷ പരാതി നൽകിയിട്ടുണ്ട്.